മൈക്കൽ കാരിക്കിന്റെ പകരക്കാരനായി മാർക്കോ വെറാറ്റിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കണമെന്ന് ആഷ്ലി യങ്

2018ൽ പ്രൊഫെഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച മൈക്കൽ കാരിക്കിന്റെ വിടവ് നികത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് വരെയും ആയിട്ടില്ലെന്നും, പിഎസ്ജിയുടെയും ഇറ്റലിയുടെയും മധ്യനിര താരമായ മാർക്കോ വെറാറ്റിയെയാണ് ചുവന്ന ചെകുത്താന്മാർ അതിനായി ടീമിലെത്തിക്കേണ്ടതെന്നും ആസ്റ്റൺ വില്ല ഫുൾ-ബാക്കായ ആഷ്ലി യങ്.
2006ൽ ടോട്ടൻഹാം ഹോട്സ്പറിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയതിന് ശേഷം നീണ്ട 12 വർഷങ്ങൾ ഓൾഡ് ട്രാഫോഡ് ക്ലബിന് വേണ്ടി പന്ത് തട്ടിയ കാരിക്ക്, ക്ലബിന്റെ നിരവധി കിരീടനേട്ടങ്ങളിലെ നിർണായകസാന്നിധ്യമായിരുന്നു. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ആയി പ്രവർത്തിക്കുകയാണ് കാരിക്ക്.
കാരിക്കിനെ പോലെയൊരു താരത്തിന്റെ അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നുണ്ടെന്നാണ് ക്ലബിന്റെ മുൻ താരം കൂടിയായ യങ് പറയുന്നത്. കളിശൈലിൽ കാരിക്കിനോട് ഏറ്റവും അടുത്ത താരം വെറാറ്റിയാണെന്നും, ഇറ്റാലിയൻ മധ്യനിര താരത്തെ ടീമിലെത്തിച്ചാൽ യുണൈറ്റഡിന് അത് ഒരു അവിശ്വസനീയ സൈനിങ് ആകുമെന്നും യങ് അഭിപ്രായപ്പെട്ടു.
'മൈക്കൽ കാരിക്കിന്റെ തരത്തിലുള്ള ഒരു താരത്തിന്റെ അഭാവം വർഷങ്ങളായുണ്ട്. അവർ മൈക്കൽ കാരിക്കിന് ഇത് വരെ ഒരു പകരക്കാരനെ കണ്ടെത്തിയിട്ടില്ല," യങ് ബിബിസി റേഡിയോ 5 ലൈവിനോട് [via മെട്രോ] പറഞ്ഞു.
"എന്നെ തെറ്റിദ്ധരിക്കരുത് - ഫ്രെഡും [സ്കോട്ടും] മക്ടോമിനയും നല്ല കളിക്കാരാണെങ്കിലും, ഒരു മൈക്കൽ കാരിക്ക് അവിടെ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല.
"ഞാൻ പിഎസ്ജി-സിറ്റി മത്സരം കാണുകയായിരുന്നു, [കാരിക്കിനോട്] ഏറ്റവും അടുത്ത താരം മാർക്കോ വെറാറ്റിയാണെന്ന് എനിക്ക് തോന്നുന്നു. ആരും ഇത് വരെ താരത്തെ സൈൻ ചെയ്യാൻ അങ്ങനെ ശ്രമിച്ചിട്ടില്ല.
"മാഞ്ചസ്റ്റർ യുണൈറ്റഡിന് അദ്ദേഹം അവിശ്വസനീയമായ ഒരു സൈനിങ് ആകുമെന്ന് ഞാൻ കരുതുന്നു."
അതേ സമയം, പിഎസ്ജിയുമായി 2024 വരെ കരാറുള്ള താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാനുള്ള സാധ്യത വളരെ കുറവാണ്. തങ്ങളുടെ മധ്യനിരയിലെ നിർണായകസാന്നിധ്യമായ വെറാറ്റിയെ വിൽക്കുന്ന കാര്യം നിലവിൽ പിഎസ്ജി പരിഗണിക്കാനും സാധ്യത കുറവാണ്.