Football in Malayalam

റാങ്നിക്ക് പുതിയ പരിശീലകനായെത്തുന്നതും ചെൽസിക്കെതിരെ റൊണാൾഡോയെ പുറത്തിരുത്തിയതും തമ്മിൽ ബന്ധമില്ലെന്ന് കാരിക്ക്

Sreejith N
Chelsea v Manchester United - Premier League
Chelsea v Manchester United - Premier League / Clive Rose/GettyImages
facebooktwitterreddit

ചെൽസിക്കെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയ തീരുമാനവും പുതിയ പരിശീലകനായി റാൾഫ് റാങ്നിക്ക് എത്തുന്നതും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ക്ലബിന്റെ താൽക്കാലിക പരിശീലകനായിരുന്ന മൈക്കൽ കാരിക്ക്. ഇന്നലെ നടന്ന മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കാരിക്ക് ഇക്കാര്യം വ്യക്തമാക്കിയത്.

ഒലെ ഗുണ്ണാർ സോൾഷെയർ പരിശീലകനായിരുന്ന സമയത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യം ആയിരുന്ന റൊണാൾഡോ ടീമിനു വേണ്ടി ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ കണ്ടെത്തിയ താരം കൂടിയാണ്. റാങ്നിക്ക് പരിശീലകനായി എത്തുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് താരത്തെ ചെൽസിക്കെതിരെ കാരിക്ക് പുറത്തിരുത്തിയത്.

തന്റെ ടീമിലെ താരങ്ങൾ കളിക്കളത്തിൽ കഠിനാധ്വാനം ചെയ്യണമെന്നു നിർബന്ധമുള്ള പരിശീലകനാണ് റാങ്നിക്ക്. മുന്നേറ്റനിരയിൽ കളിക്കുന്ന റൊണാൾഡോ പ്രതിരോധത്തിൽ സഹായിക്കുന്നില്ലെന്ന വിമർശനം നേരത്തെ ശക്തമായി ഉയർന്ന സാഹചര്യത്തിൽ റാങ്നിക്കിന്റെ വരവ് റൊണാൾഡോയെ പുറത്തിരുത്താൻ കാരണമായോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കാരിക്ക്.

"അതല്ല വിഷയം, ഞങ്ങളെത്തിയത് ഒരു പദ്ധതിയുമായാണ്. ചെൽസി എങ്ങിനെ കളിക്കുമെന്ന് ഏകദേശ ധാരണ ഉള്ളതിനാൽ ജോർജിന്യോ വഴി റൂബൻ ലോഫ്റ്റസ് ചീക്കിലെത്തുന്ന പാസുകൾ ഞങ്ങൾക്ക് തടുക്കണമായിരുന്നു. അതിനു വേണ്ടിയുള്ള മാറ്റങ്ങളുമായാണ് ഞങ്ങളെത്തിയത്," കാരിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി റാൾഫ് റാങ്നിക്ക് ചുമതല ഏറ്റെടുത്ത വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സീസണിന്റെ അവസാനം വരെ ഇന്ററിം മാനേജരായി ചുമതല ഏറ്റെടുത്ത അദ്ദേഹം ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ചാൽ സ്ഥിരം പരിശീലകനാവാൻ സാധ്യതയുണ്ട്.


facebooktwitterreddit