മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്ന് റാഫ ബെനിറ്റസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമല്ലെന്നും, അതിനാൽ തന്നെ ചുവന്ന ചെകുത്താന്മാർക്കെതിരെ വരുന്ന മത്സരത്തിൽ റൊണാൾഡോയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ലെന്നും എവർട്ടൺ മാനേജർ റാഫ ബെനിറ്റസ്. പ്രീമിയർ ലീഗിൽ യുണൈറ്റഡിനെതിരായ മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബെനിറ്റസ്.
"അവർക്ക് ധാരാളം നല്ല കളിക്കാർ ഉണ്ടാകുമ്പോൾ, നിങ്ങൾക്ക് ഒരു കളിക്കാരനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല - അദ്ദേഹം ക്രിസ്റ്റ്യാനോയെപ്പോലെ ഒരു മികച്ച താരമാണെങ്കിൽ പോലും," ബെനിറ്റസ് പറഞ്ഞു.
"അവരെ തടയാനും, പോസിറ്റീവായിരിക്കാനും ഗോളുകൾ നേടാനും ശ്രമിക്കുന്ന ഒരു ഗെയിം പ്ലാൻ നമുക്ക് ഉണ്ടായിരിക്കണം. കാരണം ക്രിസ്റ്റ്യാനോക്ക് മാത്രമല്ല, മറ്റുള്ളവർക്കും വേണമെങ്കിൽ ഗോൾ നേടാനാകും."
റയൽ മാഡ്രിഡ് പരിശീലകൻ ആയിരുന്നപ്പോൾ റൊണാൾഡോയെ പരിശീലിപ്പിച്ചിട്ടുള്ള ബെനിറ്റസ്, താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച പ്രൊഫെഷണുകളിൽ ഒന്നാണ് പോർച്ചുഗീസ് സൂപ്പർതാരമെന്നും അഭിപ്രായപ്പെട്ടു.
അതേ സമയം, കഴിഞ്ഞ 5 മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ നേടിയ റൊണാൾഡോ നിലവിൽ മികച്ച ഫോമിലാണ്. മികച്ച പ്രകടനം കാഴ്ച വെക്കാത്ത മത്സരങ്ങളിലും ഗോൾ നേടാനുള്ള റൊണാൾഡോയുടെ മികവ് താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു.
അതേ സമയം, ഒക്ടോബർ 2ന്, ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് ഓൾഡ് ട്രാഫോഡിൽ വെച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡും എവർട്ടണും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരം.