മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ ലീഗിൽ ചേരുകയാണെങ്കിൽ താൻ ക്ലബ്ബ് വിടുമെന്ന് ബ്രൂണോ ഭീഷണി ഉയർത്തിയിരുന്നതായി റിപോർട്ട്

യൂറോപ്യൻ സൂപ്പർ ലീഗിനോടുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അനുകൂല നിലപാടിൽ ബ്രൂണോ ഫെർണാണ്ടസ് അസ്വസ്ഥനായിരുന്നുവെന്നും, ക്ലബ്ബ് യൂറോപ്യൻ സൂപ്പർ ലീഗിൽ ചേരുകയാണെങ്കിൽ താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് അദ്ദേഹം ഭീഷണി ഉയർത്തിയിരുന്നതായും റിപ്പോർട്ട്. യൂറോപ്യൻ സൂപ്പർ ലീഗിന് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടക്കത്തിൽ പച്ചക്കൊടി കാണിച്ചെങ്കിലും പിന്നീട് ആരാധക പ്രക്ഷോഭത്തെത്തുടർന്ന് അവർ അതിൽ നിന്ന് പിന്മാറുകയായിരുന്നു. ആരാധകരെപ്പോലെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരങ്ങൾക്കും ഇത്തരമൊരു ലീഗിനോട് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ ദി അത്ലറ്റിക്ക് പുറത്ത് വിട്ടിരിക്കുന്നത്.
നേരത്തെ ഈ വർഷം ഏപ്രിലിലായിരുന്നു ഫുട്ബോൾ ലോകത്ത് വലിയ ചർച്ച ചെയ്യപ്പെട്ട സൂപ്പർ ലീഗെന്ന ആശയം ആദ്യമായി ഫുട്ബോൾ ലോകത്ത് അവതരിപ്പിക്കപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള 12 വമ്പൻ ക്ലബ്ബുകളായിരുന്നു സൂപ്പർ ലീഗിൽ കളിക്കാൻ തയ്യാറായി ആദ്യം മുന്നോട്ടു വന്നത്. എന്നാൽ സൂപ്പർ ലീഗിനെതിരെ ആരാധകർക്കും, ഫുട്ബോൾ പ്രേമികൾക്കുമിടയിൽ കടുത്ത എതിർപ്പുയർന്നതോടെ യുണൈറ്റഡ് അടക്കമുള്ള 9 ക്ലബ്ബുകൾ ഈ ലീഗിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.
Bruno Fernandes threatened to leave Man Utd following their decision to join the European Super League https://t.co/kkzxciDbpt pic.twitter.com/E3sPWJLBnh
— Mirror Football (@MirrorFootball) October 21, 2021
സൂപ്പർ ലീഗെന്ന ആശയത്തിന് പിന്തുണ നൽകിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലപാടിനെതിരെ ക്ലബ്ബിൽ ഏറ്റവും ശക്തമായി നിലകൊണ്ട താരമായിരുന്നു ബ്രൂണോ. സൂപ്പർ ലീഗുമായി മുന്നോട്ട് പോകാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനമെങ്കിൽ താൻ അവിടം വിടുമെന്ന് ക്ലബ്ബിനെ ബ്രൂണോ അറിയിച്ചിരുന്നതായാണ് ദി അത്ലറ്റിക്ക് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. യുണൈറ്റഡിലെ ചില കളിക്കാർ സൂപ്പർ ലീഗിനോടുള്ള തങ്ങളുടെ എതിർപ്പ് പരസ്യമായി പ്രകടിപ്പിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ അത് ക്ലബ്ബിന് വലിയ സാമ്പത്തിക നഷ്ടത്തിന് വഴി വെച്ചേക്കാമെന്നതിനാൽ അവർ അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് സൂചനകൾ.
സൂപ്പർ ലീഗിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ് അവസാന നിമിഷം സൂമിലൂടെയാണ് ഈ പുതിയ ലീഗിനെക്കുറിച്ച് കളിക്കാരോട് പറഞ്ഞത്. തങ്ങളുടെ താരങ്ങളോട് പുതിയ ലീഗിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും അവർ അതിൽ തൃപ്തരല്ലായിരുന്നുവെന്നാണ് സൂചനകൾ. തങ്ങളോട് ആലോചിക്കാതെ ക്ലബ്ബ് ഇത്ര വലിയൊരു തീരുമാനമെടുത്തത് താരങ്ങൾക്ക് വിശ്വസിക്കാനായില്ലെന്നും സൂപ്പർ ലീഗിൽ കളിക്കുന്നവരെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ നിന്ന് വിലക്കുമെന്ന യുവേഫയുടെ ഭീഷണിയിൽ യുണൈറ്റഡ് താരങ്ങൾ ആശങ്കാകുലരായിരുന്നുവെന്നും അത്ലറ്റിക്ക് തങ്ങളുടെ റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.