ഗോൾകീപ്പിങ് അല്ലാത്ത എല്ലാ പൊസിഷനുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് റാൽഫ് റാങ്നിക്ക്

ഗോൾകീപ്പിങ് ഒഴികെയുള്ള എല്ലാം പൊസിഷനിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ക്ലബിന്റെ ഇടക്കാല പരിശീലകൻ റാൽഫ് റാങ്നിക്ക്.
സീസണിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ് ട്രാഫോഡിൽ വെച്ചുള്ള അവസാന മത്സരത്തിൽ ബ്രെന്റ്ഫോഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു റാങ്നിക്ക്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് നിരാശാജനകമായ സീസണാണ് ഇത്തവണത്തേത്. ടീമിന്റെ ദൗർബല്യങ്ങൾ തുറന്ന് കാട്ടപ്പെട്ട സീസണിൽ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ ചുവന്ന ചെകുത്താന്മാർക്കായില്ല. പ്രീമിയർ ലീഗിൽ ആദ്യ നാലിന് പുറത്തുള്ള യുണൈറ്റഡ്, അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള സാധ്യത വളരെ വിരളമാണ്.
എഡിൻസൺ കവാനി, പോൾ പോഗ്ബ, യുവാൻ മാറ്റ, ജെസ്സെ ലിംഗാർഡ് എന്നിവർ ഈ സീസൺ കഴിയുന്നതോടെ ക്ലബ് വിടുമെന്നാണ് കരുതപ്പെടുന്നത്. ഈ സീസണോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന് നെമാന്യ മാറ്റിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ടീമിൽ തുടരുമോ എന്ന കാര്യം വ്യക്തമല്ല.
അതിനാൽ തന്നെ വരുന്ന സമ്മറിൽ ടീം ശക്തിപ്പെടുത്തേണ്ടത് മാഞ്ചസ്റ്റർ യുണൈറ്റഡിന് അനിവാര്യമാണ്. ടീമിലെ ഗോൾകീപ്പിങ് പൊസിഷൻ ഒഴികെയുള്ള എല്ലാതും ശക്തിപ്പെടുത്തണമെന്നാണ് റാങ്നിക്ക് അഭിപ്രായപ്പെടുന്നത്.
"മൂന്ന് മികച്ച ഗോൾകീപ്പർമാരുള്ള ഗോൾകീപ്പിങിന് പുറമെ, മറ്റെല്ലാ മേഖലകളിലും ക്ലബ് വിടുന്ന കളിക്കാർ ഉണ്ടാകും. പിച്ചിന്റെ പ്രത്യേക മേഖലകളിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കില്ല - (ടീം ശക്തിപ്പെടുത്തൽ) അത് മുഴുവൻ ടീമിലൂടെയും കടന്നുപോകണം," റാങ്നിക്ക് സ്കൈ സ്പോർട്സിനോട് പറഞ്ഞു.
"കുറച്ച് കളിക്കാർ പോകുമെന്ന് വ്യക്തമാണ്. കൂടാതെ മികച്ച നിലവാരമുള്ള കളിക്കാരെ ആവശ്യമുണ്ട്. എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാൽ, മാഞ്ചസ്റ്റർ യുണൈറ്റഡിനെ നമുക്ക് ആവശ്യമുള്ളിടത്തേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു.
"(കിരീടങ്ങൾക്കായി) പോരാടാൻ മറ്റ് ക്ലബ്ബുകൾക്ക് രണ്ടോ മൂന്നോ ട്രാൻസ്ഫർ വിൻഡോകൾ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളു. എന്നാൽ ഇപ്പോൾ മുതൽ നിലവാരം ഉയർത്താൻ സഹായിക്കുന്ന മികച്ച കളിക്കാരെ ഞങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഇത് സംഭവിക്കുകയാണെങ്കിൽ, ഇതിന് കൂടുതൽ സമയമെടുക്കുമെന്ന് ഞാൻ കരുതുന്നില്ല," റാങ്നിക്ക് കൂട്ടിച്ചേർത്തു.