Football in Malayalam

വിമർശനങ്ങളെ ആസ്വദിക്കുന്നു, അവരുമായി തർക്കിക്കാനില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയർ

Sreejith N
Tottenham Hotspur v Manchester United - Premier League
Tottenham Hotspur v Manchester United - Premier League / Visionhaus/GettyImages
facebooktwitterreddit

വിമർശനങ്ങളെ ആസ്വദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നയാളാണു താനെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയർ. മാഞ്ചസ്റ്റർ യുണൈറ്റഡിനും തനിക്കുമെതിരെ ഉണ്ടാകുന്ന വിമർശനങ്ങൾ തന്നെയും ടീമിനെയും കൂടുതൽ കരുത്തരാക്കാൻ സഹായിക്കുന്നുണ്ടെന്ന് സോൾഷെയർ പറഞ്ഞു. അറ്റലാന്റാക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു നോർവീജിയൻ പരിശീലകൻ.

"വിമർശനങ്ങൾ നിങ്ങളിൽ സംശയം സൃഷ്ടിക്കും, അല്ലെങ്കിൽ നിങ്ങൾക്കു വേണ്ടിത്തന്നെ നിലകൊള്ളാൻ പ്രേരിപ്പിക്കും. ഞാൻ വിമർശനങ്ങളെ ആസ്വദിക്കുന്നു, അവ ഇനിയും വരട്ടെ. മാധ്യമ പ്രവർത്തകർക്കും പണ്ഡിറ്റ്സിനും വിദഗ്‌ദർക്കും വ്യത്യസ്‌തമായ ജോലികളാണുള്ളത്. ഞാനാരുമായും തർക്കത്തിനോ സംഘട്ടത്തിനോ ഇല്ല." സോൾഷെയർ പറഞ്ഞു.

ലിവർപൂളിനെതിരെ പ്രീമിയർ ലീഗിൽ അഞ്ചു ഗോളുകളുടെ തോൽവി വഴങ്ങിയതോടെ ഒലെയുടെ സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത വർധിച്ചിരുന്നെങ്കിലും അതിനു ശേഷം സ്‌പർസിനെതിരെ നേടിയ മൂന്നു ഗോളുകളുടെ വിജയം അതിൽ താൽക്കാലികമായി മാറ്റമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ മോശം ഫോമിലുള്ള ടോട്ടനത്തോട് നേടിയ വിജയം ഒന്നിലും മാറ്റം വരുത്തുന്നില്ലെന്നും ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റാക്കെതിരെ ടീം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ സ്ഥിരതയാർന്ന പ്രകടനം നടത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു വിജയം കൊണ്ട് ഒന്നും മാറാൻ പോകുന്നില്ല. അടുത്ത മത്സരം ഞങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയുമെന്ന് തെളിയിക്കാനുള്ള അവസരം കൂടിയാണ്." സോൾഷെയർ കൂട്ടിച്ചേർത്തു.

ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് എഫിൽ മൂന്നു മത്സരങ്ങളിൽ നിന്നും ആറു പോയിന്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ്‌ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അറ്റലാന്റാക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയെങ്കിലും ഇത്തവണ മത്സരം അവരുടെ മൈതാനത്താണെന്നത് ടീമിനു ഭീഷണിയാണ്.

facebooktwitterreddit