ക്രിസ്ത്യൻ എറിക്സണിന് കരാർ വാഗ്‌ദാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്
By 90min Staff

ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്സണിന് കോൺട്രാക്ട് ഓഫർ ചെയ്‌ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മാധ്യമമായ ദി അത്‌ലറ്റിക്ക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റ്ഫോർഡിലേക്ക് ഹ്രസ്വകാല കരാറിൽ ചേക്കേറിയ എറിക്സണിന്റെ അവരുമായുള്ള നിലവിലെ കോൺട്രാക്ട് ഈ മാസത്തോടെ അവസാനിക്കും. എറിക്സണിന്റെ കരാർ നീട്ടാൻ ബ്രെന്റ്ഫോർഡിന് താത്പര്യമുണ്ടെങ്കിലും, താരം ഒരു പുതിയ തട്ടകം തേടുകയാണെന്നാണ് ഇറ്റാലിയൻ ജേർണലിസ്റ്റായ ആൽഫ്രഡോ പെഡുല്ല റിപ്പോർട്ട് ചെയ്യുന്നത്.
ജൂൺ അവസാനത്തോടെ ഫ്രീ ഏജന്റ് ആകുന്ന എറിക്സണിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യമുണ്ടെന്നാണ് ദി അത്ലറ്റിക്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേ സമയം, എറിക്സണിന്റെ മുൻ ക്ലബായ ടോട്ടൻഹാം ഹോട്സ്പറിനും താരത്തിൽ താത്പര്യമുണ്ടെന്നാണ് വിവിധ റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ എന്ന വാഗ്‌ദാനം എറിക്സണിന് നൽകാൻ കഴിയില്ല. മറുവശത്ത്, പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്ത് 2021/22 സീസൺ പൂർത്തിയാക്കിയ ടോട്ടൻഹാം ഹോട്സ്പർ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്. ഇത് താരത്തെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ടോട്ടൻഹാം ഹോട്സ്പറിന് മുൻതൂക്കം നൽകുന്ന ഘടകമാണ്.
അതേ സമയം, ബാഴ്‌സലോണ താരം ഫ്രങ്കി ഡി യോങിനെ സ്വന്തമാക്കുന്നതിനാണ് സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻഗണന കൽപ്പിക്കപ്പെടുന്നത് എന്നാണ് കരുതപ്പെടുന്നത്. എന്നാൽ, താരത്തെ ടീമിലെത്തിക്കുന്ന കാര്യത്തിൽ ബാഴ്‌സലോണയുമായി ധാരണയിലെത്താൻ ചുവന്ന ചെകുത്താന്മാർക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.