അയാക്സിന്റെ ലിസാൻഡ്രോ മാർട്ടിനസിനായി ഓഫർ സമർപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്


പ്രതിരോധനിരയിലേക്കുള്ള പ്രധാനലക്ഷ്യമായ ലിസാൻഡ്രോ മാർട്ടിനസിനായി അയാക്സിനു 43 മില്യൺ യൂറോ ഓഫർ ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആഡ് ഓൺസടക്കം ഓഫർ 45 മില്യൺ യൂറോയായി ഉയരാനും സാധ്യതയുണ്ട്.
ബാഴ്സലോണയിൽ നിന്നും ഫ്രെങ്കി ഡി യോങ്, ഫെയ്നൂർദ് താരമായ താരമായ ടൈറൽ മലാസിയ എന്നിവരെ സ്വന്തമാക്കാനുള്ള നീക്കങ്ങളിൽ ഏറെ പുരോഗതി കൈവരിച്ച യുണൈറ്റഡ് മാർട്ടിനസിനായുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ്. ആഴ്സണലിന് താത്പര്യമുള്ള മാർട്ടിനസിനെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിക്കാൻ എറിക് ടെൻ ഹാഗ് ശ്രമിക്കുന്നുണ്ടെന്നു 90min കഴിഞ്ഞയാഴ്ച്ച റിപ്പോർട്ട് ചെയ്തിരുന്നു.
മാർട്ടിനസിനായി ഇത് വരെ രണ്ട് ഓഫറുകളാണ് ആഴ്സണൽ അയാക്സിന് സമർപ്പിച്ചിട്ടുള്ളത്. അതിൽ ഒടുവിലത്തേത്ത് 40 മില്യൺ യൂറോയും, ആഡ്-ഓൺസും ഉൾപ്പെടുത്തിയുള്ള ഓഫറാണ്. എന്നാൽ യുണൈറ്റഡിന്റെ ഓഫർ ആഴ്സണലിനെക്കാൾ ഉയർന്നതാണ്. അയാക്സ് താരത്തിനിട്ടിരിക്കുന്ന വില 50 മില്യൺ യൂറോയാണെങ്കിലും തങ്ങളുടെ ഏറ്റവും പുതിയ ഓഫറിനു അയാക്സ് സമ്മതം മൂളുമെന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.
സെൻട്രൽ ഡിഫെൻഡറായും ഡിഫെൻസീവ് മിഡ്ഫീൽഡറായും തിളങ്ങാനാവുമെന്നതാണ് അർജന്റീനൻ താരത്തിന്റെ പ്രധാന സവിശേഷത. ഓൾഡ് ട്രാഫോഡിലേക്കുള്ള നീക്കത്തെ മാർട്ടിനസും പിന്തുണക്കുമെന്നാണ് യുണൈറ്റഡ് വിശ്വസിക്കുന്നത്. തായ്ലൻഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന പ്രീ-സീസണിന് വേണ്ടി വെള്ളിയാഴ്ച യാത്രതിരിക്കുന്നതിന് മുൻപു തന്നെ സൈനിങ്ങുകൾ പൂർത്തിയാക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.
മാർട്ടിനസിനൊപ്പം ഡാനിഷ് താരം ക്രിസ്ത്യൻ എറിക്സണെയും സ്വന്തമാക്കാൻ സാധിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നതായി 90min മനസിലാക്കുന്നു. ബ്രെന്റ്ഫോഡുമായുള്ള കരാർ അവസാനിച്ച എറിക്സണിൽ മറ്റു പ്രീമിയർ ലീഗ് ക്ലബുകൾക്കും താത്പര്യമുണ്ട്.
അയാക്സ് താരമായ ആന്റണിയിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് താത്പര്യമുണ്ടെങ്കിലും, താരത്തിന് വേണ്ടി ഡച്ച് ക്ലബ് ചോദിക്കുന്ന ട്രാൻസ്ഫർ ഫീ നൽകാൻ ചുവന്ന ചെകുത്താന്മാർ ഇത് വരെ സമ്മതിച്ചിട്ടില്ല.