Transfers

റൊണാൾഡോ ക്ലബ് വിടണമെന്ന് അറിയിച്ചതിനു പിന്നാലെ ഡിബാലയുടെ ഏജന്റുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Man Utd Make Contact With Paulo Dybala's Agent
Man Utd Make Contact With Paulo Dybala's Agent / Jonathan Moscrop/GettyImages
facebooktwitterreddit

ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ അറിയിച്ചതിനു പിന്നാലെ യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായ ഡിബാലയുടെ ഏജന്റുമായി ചർച്ചകൾ നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. റൊണാൾഡോ ക്ലബ് വിടുകയാണെങ്കിൽ മുന്നേറ്റനിരയിലേക്ക് കൂടുതൽ താരങ്ങളെ എത്തിക്കുന്നതിനുള്ള ശ്രമമാണ് യുണൈറ്റഡ് നടത്തുന്നത്.

ശനിയാഴ്‌ചയാണ് റൊണാൾഡോ ക്ലബ് വിടാനുള്ള ആഗ്രഹം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അറിയിച്ചതായി റിപ്പോർട്ടുകൾ വന്നത്. കഴിഞ്ഞ സീസണിൽ ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത മാഞ്ചസ്റ്റർ യുണൈറ്റഡിനു ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്തതാണ് റൊണാൾഡോ ക്ലബ് വിടാൻ ആഗ്രഹിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്നാണ് അനുമാനിക്കുന്നത്.

ട്രാൻസ്‌ഫർ മാർക്കറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കൃത്യമായി ഇടപെടൽ നടത്താത്തതും റൊണാൾഡോയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന ഘടകമായി കരുതുന്നു. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഇതുവരെയും മികച്ച സൈനിംഗുകൾ നടത്താൻ കഴിഞ്ഞിട്ടില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്ന താരങ്ങളെ വരെ ആകർഷിക്കാൻ ബുദ്ധിമുട്ടുകയാണ്. ഇത് അടുത്ത സീസണിൽ കിരീടങ്ങൾ നേടാനുള്ള സാധ്യത ഇല്ലാതാക്കുമെന്ന് റൊണാൾഡോ വിശ്വസിക്കുന്നു.

റൊണാൾഡോയെ വിട്ടുകൊടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമില്ലെങ്കിലും താരത്തിന്റെ ആഗ്രഹത്തിനു വിരുദ്ധമായി അവർ നീങ്ങാനുള്ള സാധ്യതയില്ല. അതുകൊണ്ടു തന്നെ യോജിച്ച ഓഫർ ലഭിച്ചാൽ റൊണാൾഡോയെ കൈവിടാൻ അവർ തയ്യാറെടുത്തു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് അവർ ഡിബാലക്കായി നീക്കങ്ങൾ ആരംഭിച്ചതെന്ന് ലാ റിപ്പബ്ലിക്ക റിപ്പോർട്ടു ചെയ്യുന്നു.

യുവന്റസ് കരാർ പുതുക്കാതെ ഫ്രീ ഏജന്റായ ഡിബാലയെ സ്വന്തമാക്കുക പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വലിയ വെല്ലുവിളി ഉയർത്താനുള്ള സാധ്യതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇന്റർ മിലാൻ, ടോട്ടനം ഹോസ്‌പർ, നാപ്പോളി എന്നിങ്ങനെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ ക്ലബുകൾ താരത്തിനു വേണ്ടി രംഗത്തുള്ളതിനാൽ യൂറോപ്പ ലീഗ് കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഡിബാല തിരഞ്ഞെടുക്കാനുള്ള സാധ്യത കുറവാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit