സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഉസ്മാൻ ഡെംബലയെ സ്വന്തമാക്കാനുള്ള പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിൽ: റിപ്പോർട്ട്

എഫ്സി ബാഴ്സലോണ മുന്നേറ്റനിര താരം ഉസ്മാൻ ഡെംബലയെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ പോരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു ക്ലബുകളേക്കാൾ മുന്നിലാണെന്ന് റിപോർട്ടുകൾ.
അടുത്ത വർഷം ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന ഡെംബയിൽ നിരവധി യൂറോപ്യൻ വമ്പൻമാർക്ക് താല്പര്യമുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് പുറമെ, ലിവർപൂൾ, ചെൽസി, യുവന്റസ് എന്നീ ക്ലബുകൾക്കും ഫ്രഞ്ച് താരത്തിൽ നോട്ടമുണ്ട്.
ഡെംബലയെ ടീമിൽ നിലനിറുത്താൻ ബാഴ്സലോണക്ക് ആഗ്രഹമുണ്ടെങ്കിലും, കരാർ പുതുക്കന്നതിനോട് താരം ഇത് വരെ അനുകൂല നിലപാട് എടുത്തിട്ടില്ലെന്നത് ക്ലബ് വിടാനുള്ള സാധ്യതകൾ ഉയർത്തുന്നു.
ബാഴ്സലോണയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഡെംബലയുടെ പ്രതിഫലം ഉയർത്താൻ സ്പാനിഷ് ക്ലബ്ബിനാവില്ലെന്നും, അതിനാൽ തന്നെ താരം പുതിയ കരാറിൽ ഒപ്പിട്ടേക്കില്ലെന്നും പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെംബലയുടെ തീരുമാനം എന്താണെന്നറിയാൻ ബാഴ്സക്ക് ധൃതി ഉള്ളതിനാൽ, താരത്തിന്റെ ഭാവി സംബന്ധിച്ച് കൂടുതൽ വ്യക്തത ഈ മാസം - ഒക്ടോബറിൽ - ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ക്ലബ് വിടാൻ ഡെംബലെ തീരുമാനിക്കുകയാണെങ്കിൽ, ഫ്രീ ട്രാൻസ്ഫറിൽ താരത്തെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ മുൻതൂക്കം മാഞ്ചസ്റ്റർ യുണൈറ്റഡിന് ആണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻപ് തന്നെ ഡെംബലയെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്ന ചുവന്ന ചെകുത്താന്മാരുമായി താരത്തിന്റെ ഏജന്റ് 2020 മുതൽ ചർച്ചകൾ നടത്തുന്നുണ്ടെന്നും സ്പോർട് വ്യക്തമാക്കുന്നു.