അവസാന സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടത്ര ഫിറ്റ്നസ് ഉണ്ടായിരുന്നില്ല; ആന്റണി എലാംഗ

അവസാന സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന് വേണ്ടത്ര ഫിറ്റ്നസുണ്ടായിരുന്നില്ലെന്ന് യുവതാരം ആന്റണി എലാംഗ. എന്നാല്‍ ഇപ്പോള്‍ പുതിയ പരിശീലകന് എറിക് ടെന്‍ ഹഗിന് കീഴില്‍ ശക്തമായ നിലയിലാണെന്നും ടീം കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും എലാംഗ വ്യക്തമാക്കി.
താല്‍ക്കാലിക പരിശീലകനായി എത്തിയ റാല്‍ഫ് റാങ്നിക്ക് ടീമിനെ പ്രസിങ് മോണ്‍സ്റ്റേഴ്സ് ആക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എലാംഗ വ്യക്തമാക്കി. പുതിയ പരിശീലകന് എറികിന് കീഴില്‍ ലിവര്പൂളിനെതിരേയും മെല്‍ബൺ വിക്ടറിക്ക് എതിരെയുള്ള നേടിയ വിജയം എറികിന് കീഴില്‍ ടീം മെച്ചപ്പെട്ടു എന്നതിന് തെളിവാണെന്നും യുവതാരം കൂട്ടിച്ചേര്‍ത്തു.
"കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ അത്ര ഫിറ്റായിരുന്നില്ലെന്ന് ഞങ്ങള്‍ക്ക് അറിയാം. ഞങ്ങള്‍ ഈ സീസണില്‍ കൂടുതല്‍ ഫിറ്റാണെന്ന് കരുതുന്നു. ടീമിനായി ഓടുന്നു. പന്തിനായി ഓടുന്നു. പന്തുമായി ഓടുന്നു," എലാംഗ പറഞ്ഞതായി ദി മിറർ റിപ്പോർട്ട് ചെയ്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന് വന്ന താരമാണ് സ്വീഡിഷ് താരമായ എലാംഗ. 2014 മുതല്‍ 2021 വരെ യുണൈറ്റഡിന്റെ യൂത്ത് വിങ്ങിനൊപ്പം കളിച്ച എലാംഗ 2021ലായിരുന്നു ചുവന്ന ചെകുത്താന്മാരുടെ സീനിയര്‍ ടീമിനൊപ്പം ചേര്‍ന്നത്. സീനിയര്‍ ടീമിനൊപ്പം 29 മത്സരം കളിച്ച സ്വീഡിഷ് താരം നാലു ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 2018 മുതല്‍ വിവധ വിഭാഗങ്ങളിലായി സ്വീഡിഷ് ദേശീയ ടീമിന്റെയും ഭാഗമാണ് എലാംഗ. ഇപ്പോള്‍ സ്വീഡിഷ് ദേശീയ ടീമിലും അംഗമാണ്.