മേസൺ ഗ്രീൻവുഡ് പെൺസുഹൃത്തിനെ ക്രൂരമായി ആക്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്


ഇംഗ്ലണ്ട് യുവതാരമായ മേസൺ ഗ്രീൻവുഡ് തന്നെ ക്രൂരമായി ആക്രമിച്ചുവെന്ന പെൺസുഹൃത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് താരത്തിന്റെ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വീഡിയോകളെക്കുറിച്ച് തങ്ങൾക്ക് അറിവുണ്ടെന്നും ഒരു തരത്തിലുള്ള ഹിംസയും തങ്ങൾ വെച്ചു പൊറുപ്പിക്കില്ലെന്നും അവർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിലൂടെ ഗ്രീൻവുഡിന്റെ പെൺ സുഹൃത്തായ ഹാരിയറ്റ് റോബ്സൺ താരത്തിന്റെ അക്രമത്തെ കുറിച്ചുള്ള ആരോപണങ്ങൾ നടത്തിയത്. ഗ്രീൻവുഡ് എന്നോട് ചെയ്തത് കാണൂ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ ചിത്രങ്ങളിൽ അവർ മുഖം പൊട്ടി ചോരയൊലിപ്പിച്ചു നിൽക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മർദ്ദനമേറ്റ പാടുകളും കാണാമായിരുന്നു.
BREAKING: Manchester United issue statement after social media allegations emerge against Mason Greenwoodhttps://t.co/mLIc7t3to7
— Manchester News MEN (@MENnewsdesk) January 30, 2022
ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടരുകയും താരത്തിനെതിരെ വിമർശനം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസ്താവന പുറത്തിറക്കിയത്. "സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ആരോപണങ്ങളെപ്പറ്റിയും ചിത്രങ്ങളെ കുറിച്ചും ഞങ്ങൾക്കു ബോധ്യമുണ്ട്. വസ്തുതകൾ സ്ഥാപിക്കപ്പെടും വരെ ഞങ്ങൾ കൂടുതൽ അഭിപ്രായം പറയാനില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് യാതൊരു തരത്തിലുള്ള അക്രമവും പ്രോത്സാഹിപ്പിക്കുന്നില്ല." പ്രസ്താവന വ്യക്തമാക്കുന്നു.
2019ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയ ഗ്രീൻവുഡ് 129 മത്സരങ്ങൾ കളിച്ച് 35 ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. നിലവിൽ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണെങ്കിലും സംഭവത്തിൽ താരം കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ കടുത്ത നടപടി തന്നെ ഉണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഖത്തർ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലെ സ്ഥാനത്തേയും ഇതു ബാധിക്കും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.