ആർബി ലെപ്‌സിഗിൽ നിന്ന് ഡച്ച് സ്‌ട്രൈക്കർ ബ്രയാൻ ബ്രോബിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താത്പര്യം

ജര്‍മന്‍ ക്ലബായ ആര്‍.ബി ലെപ്‌സിഗ് താരം ബ്രയാന്‍ ബ്രോബിയെ ടീമിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താത്പര്യമുണ്ടെന്ന് 90min മനസിലാക്കുന്നു. ഡച്ച് ക്ലബായ അയാക്‌സിന്റെ അക്കാദമിയിലൂടെ വളര്‍ന്ന മുന്നേറ്റ താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ എറിക് ടെന്‍ ഹാഗിന് കീഴിലായിരുന്നു അയാക്‌സില്‍ സീനിയര്‍ ടീമിനൊപ്പം അരങ്ങേറ്റം നടത്തിയത്.
വെസ്റ്റ് ഹാം യുണൈറ്റഡ് താരമായിരുന്ന സെബാസ്റ്റന്‍ ഹാളറിനെ അയാക്‌സ് സ്വന്തമാക്കിയതോടെ ഡച്ച് ക്ലബ് വിട്ട ബ്രോബി ലെപ്‌സിഗിന് വേണ്ടിയായിരുന്നു പിന്നീട് കളിച്ചത്. എന്നാല്‍ പിന്നീട് വീണ്ടും ടെന്‍ ഹാഗ് ലോണില്‍ താരത്തെ അയാക്‌സിൽ എത്തിച്ചിരുന്നു.
ജര്‍മനിയില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന ബ്രോബി, കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ലോൺ കരാറിൽ അയാക്‌സിലേക്ക് തിരിച്ചെത്തുകയും, ഡച്ച് ക്ലബിന് വേണ്ടി 11 ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകള്‍ നേടി അവരുടെ ലീഗ് കിരീട നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.
താരത്തിനായി നീക്കം നടത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ ബ്രോബിയുടെ താല്‍പര്യം മനസിലാക്കാൻ ടെന്‍ ഹാഗ് താരവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും 90min മനസിലാക്കുന്നു.
അതേ സമയം, താരത്തെ വീണ്ടും ടീമിലെത്തിക്കാന്‍ അയാക്‌സ് ആഗ്രഹിക്കുന്നുണ്ട്. ഇതിനായി 25 മില്യൺ യൂറോ ഓഫര്‍ ചെയ്യുമെന്നാണ് ലെപ്‌സിഗ് ആഗ്രഹിക്കുന്നതെങ്കിലും അയാക്‌സ് താരത്തിനായി 15 മില്യൺ യൂറോയാണ് ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ ഇതിലും വലിയ തുക തങ്ങൾക്ക് താങ്ങാൻ കഴിയുമെന്ന വിശ്വാസം മാഞ്ചസ്റ്റർ യുണൈറ്റഡിനുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ഒരുപക്ഷെ ഭാവിയില്‍ യുണൈറ്റഡിന് മികച്ചൊരു സ്‌ട്രൈക്കറെ ആവശ്യമായി വരും.
അതേ സമയം, അയാക്‌സ് താരങ്ങളായ ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെയും ആന്റണിയെയും സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന യുണൈറ്റഡിന്റെ ബ്രോബിയോടുള്ള താല്‍പര്യത്തോട് അയാക്‌സ് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.