പ്രീ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയക്കുതിപ്പ് അവസാനിപ്പിച്ച് ആസ്റ്റൺ വില്ല
By Sreejith N

പ്രീ സീസണിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ വിജയിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ തളച്ച് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല. ഓസ്‌ട്രേലിയയിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് സ്റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ല സമനില നേടിയത്.
പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയുള്ള ആദ്യ ഇലവനെ മത്സരത്തിൽ ഇറക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യപകുതിയിൽ തന്നെ രണ്ടു ഗോളുകൾ നേടിയിരുന്നു. ജാഡൻ സാഞ്ചോയുടെ ഗോളും മാറ്റി കാഷിന്റെ സെൽഫ് ഗോളുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് തന്നെയായിരുന്നു മത്സരത്തിൽ ആധിപത്യവും.
It ends level in our fourth pre-season test 🤝#MUFC || #MUTOUR22
— Manchester United (@ManUtd) July 23, 2022
എന്നാൽ രണ്ടാം പകുതിയിൽ ആസ്റ്റൺ വില്ല പരിശീലകൻ സ്റ്റീവൻ ജെറാർഡ് ടീമിൽ മാറ്റങ്ങൾ വരുത്തിയതോടെ വിയ്യ മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി രണ്ടാം പകുതി ആരംഭിച്ച് നാല് മിനിറ്റിനകം തന്നെ ആസ്റ്റൺ വില്ല മുന്നിലെത്തി. ലിയോൺ ബെയ്‌ലിയാണ് ആസ്റ്റൺ വില്ലയുടെ ഗോൾ നേടിയത്. അതിനു ശേഷം ഇഞ്ചുറി ടൈമിൽ കാളം ചേമ്പേഴ്‌സ് ആസ്റ്റൺ വില്ലയുടെ സമനില ഗോളും കണ്ടെത്തി.
തുടർച്ചയായ മൂന്നു മത്സരങ്ങളിൽ പതിനൊന്നു ഗോളുകൾ നേടി വിജയം കുറിച്ചതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയ സമനില ആരാധകരിൽ നിരാശ ഉണ്ടാക്കുന്നതാണ്. എന്നാൽ ടീമിന്റെ പോരായ്‌മകൾ പരിഹരിക്കാൻ ഈ സമനില എറിക് ടെൻ ഹാഗിനെ സഹായിക്കുമെന്നതിൽ സംശയമില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.