റാങ്നിക്ക് സ്ഥിരം പരിശീലകനാവില്ല, മൂന്നു പേരെ പകരക്കാരായി കണ്ടെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്
By Sreejith N

ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയ ഒഴിവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകനായി നവംബറിൽ ചുമതല ഏറ്റെടുത്ത റാൾഫ് റാങ്നിക്കിനു കീഴിൽ ക്ലബ് ഒട്ടും മുന്നോട്ടു പോയിട്ടില്ലെന്ന് വോൾവ്‌സിനെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലെ തോൽവി വ്യക്തമാക്കുന്നു. ഓൾഡ് ട്രാഫോഡിൽ വെച്ചു നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു മേൽ കൃത്യമായ അപ്രമാദിത്വം സ്ഥാപിച്ചാണ് ഒരു ഗോളിന്റെ വിജയം വോൾവ്‌സ് സ്വന്തമാക്കിയത്.
മാഞ്ചസ്റ്റർ യുണൈറ്റഡിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ച് ടോപ് ഫോറിലെത്തിക്കാൻ റാങ്നിക്കിനു കഴിഞ്ഞാൽ താരത്തിനു സ്ഥിരം പരിശീലകാസ്ഥാനം നൽകുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിനുള്ള സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിലിനെ അടിസ്ഥാനമാക്കി മാർക്ക റിപ്പോർട്ട് ചെയ്യുന്നതു പ്രകാരം ഈ സീസണു ശേഷം റാങ്നിക്കിനു പകരക്കാരനാവാൻ മൂന്നു പരിശീലകരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുന്നുണ്ട്.
ടോട്ടനം ഹോസ്‌പറിനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെയെത്തിച്ച, നിലവിൽ പിഎസ്‌ജി പരിശീലകനായ മൗറീസിയോ പോച്ചട്ടിനോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്. അർജന്റീനിയൻ പരിശീലകനെ ടീമിന്റെ ഭാഗമാക്കാൻ ക്ലബ് നേതൃത്വത്തിന്റെ വലിയ പിന്തുണയുമുണ്ട്. സിദാൻ പിഎസ്‌ജി പരിശീലകനാകുമെന്ന അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചു കൊണ്ടിരിക്കെ അത് പോച്ചട്ടിനോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്താനുള്ള സാധ്യതകൾ കൂടിയാണ് തുറക്കുന്നത്.
ലൈസ്റ്റർ സിറ്റി പരിശീലകനായ ബ്രെണ്ടൻ റോജേഴ്‌സാണ് അടുത്ത സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കുന്ന രണ്ടാമത്തെയാൾ. പോച്ചട്ടിനോയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ മുൻ ലിവർപൂൾ മാനേജരായ ബ്രെണ്ടൻ റോജേഴ്‌സിനെ റെഡ് ഡെവിൾസ് പരിഗണിക്കുകയുള്ളൂ. പ്രീമിയർ ലീഗിൽ വളരെയധികം പരിചയസമ്പത്തുള്ള, ടീമിനെക്കൊണ്ട് ആക്രമണശൈലിയിൽ കലിപ്പിക്കുന്ന റോജേഴ്‌സിന് മികച്ച താരങ്ങളുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലഭിച്ചാൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും.
അയാക്‌സ് പരിശീലകനായ എറിക് ടെൻ ഹാഗാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റഡാറിലുള്ള അവസാനത്തെയാൾ. ഈ സീസണു ശേഷം അയാക്‌സ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ചിട്ടുള്ള അദ്ദേഹത്തിനു പക്ഷെ പ്രീമിയർ ലീഗിൽ പരിചയസമ്പത്തു കുറവാണെന്ന പോരായ്‌മയുണ്ട്. എങ്കിലും 2019ൽ അയാക്‌സിനെ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിച്ച ടെൻ ഹാഗിന് സമയം നൽകിയാൽ മികച്ചൊരു ടീമിനെ പടുത്തുയർത്താൻ അദ്ദേഹത്തിന് കഴിയും.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.