റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിരം ക്യാപ്റ്റനാക്കില്ലെന്ന് റാങ്നിക്ക്

Manchester United v Wolverhampton Wanderers - Premier League
Manchester United v Wolverhampton Wanderers - Premier League / Matthew Ashton - AMA/GettyImages
facebooktwitterreddit

വോൾവ്‌സിനെതിരായ കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ പരിക്കേറ്റു പുറത്തായ ഹാരി മാഗ്വയർക്ക് പകരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെ നയിച്ചതെങ്കിലും താരത്തെ സ്ഥിരമായി ക്ലബിന്റെ ക്യാപ്റ്റനാക്കാൻ പദ്ധതിയില്ലെന്ന് പരിശീലകൻ റാൾഫ് റാങ്നിക്ക്. ആസ്റ്റൺ വില്ലക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡിന്റെ മനോഭാവത്തെ വിമർശിച്ച റൊണാൾഡോ യുവകളിക്കാർ നിർദ്ദേശങ്ങൾ കൃത്യമായി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞിരുന്നു. ഇതേത്തുടർന്ന് താരത്തെ പിന്തുണക്കുന്ന നിരവധി പേർ റൊണാൾഡോയെ ടീമിന്റെ നായകനാക്കണമെന്ന ആവശ്യം മുന്നോട്ടു വെച്ചെങ്കിലും റാങ്നിക്ക് അതിനെ തള്ളിക്കളഞ്ഞു.

"അങ്ങിനെ ചെയ്യാൻ ഞാനൊരു കാരണവും കാണുന്നില്ല, കാരണം ഹാരിയാണ് ഇതുവരെയും ടീമിന്റെ നായകൻ. ഹാരി കളിക്കുന്ന സമയമെല്ലാം അവൻ തന്നെയാകും ടീമിനെ നയിക്കുക. താരം കളിക്കുന്നില്ലെങ്കിൽ മറ്റൊരാൾ ടീമിനെ നയിക്കേണ്ടതുണ്ട്. ആരൊക്കെ കളിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി ഓരോ മത്സരത്തിലും അതു മാറിക്കൊണ്ടിരിക്കും." റാങ്നിക്ക് പറഞ്ഞു.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ സംബന്ധിച്ച് റൊണാൾഡോ നടത്തിയ വിമർശനങ്ങളെ റാങ്നിക്ക് പൂർണമായി തള്ളിക്കളഞ്ഞില്ല. കാര്യങ്ങൾ ശരിയായ ദിശയിലല്ല മുന്നോട്ടു പോകുന്നത് എങ്കിൽ കളിക്കാർ തങ്ങളുടെ മനോഭാവത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തിൽ സീനിയർ കളിക്കാരെന്നോ ജൂനിയർ കളിക്കാരെന്നോ വ്യത്യാസമില്ലാതെ പരസ്‌പരം മാതൃക ആവേണ്ടതിനെ കുറിച്ചും റാങ്നിക്ക് സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിടെ റൊണാൾഡോക്ക് പരിക്കേറ്റെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ സ്ഥിതി ഗുരുതരമല്ലെന്നും ആസ്റ്റൺ വില്ലക്കെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മത്സരങ്ങൾ നഷ്‌ടമായ ഹാരി മാഗ്വയർ, ജാഡൻ സാഞ്ചോ, ഫിൽ ജോൺസ് എന്നീ താരങ്ങളും പരിക്കിൽ നിന്നും പൂർണമായും മുക്തരായിട്ടുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.