Football in Malayalam

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലനം തടസപ്പെടുത്തി ടീമിനുള്ളിൽ കോവിഡ് അണുബാധ, അടുത്ത മത്സരത്തിന്റെ കാര്യവും സംശയത്തിൽ

Sreejith N
FBL-ENG-PR-MAN UTD-WEST HAM
FBL-ENG-PR-MAN UTD-WEST HAM / MARTIN RICKETT/GettyImages
facebooktwitterreddit

ടീമിനുള്ളിൽ കോവിഡ്-19 അണുബാധ കണ്ടെത്തിയതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലനം തടസപ്പെട്ടു. ഞായറാഴ്‌ച നടക്കേണ്ടിയിരുന്ന ഗ്രൂപ്പ് ട്രൈനിംഗാണ്‌ ഏതാനും കളിക്കാർക്കും സ്റ്റാഫിനും കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് തടസപ്പെട്ടത്. ഇതേതുടർന്ന് വ്യക്തിഗതമായും സ്‌പർശനങ്ങൾ ഒഴിവാക്കിയുമുള്ള ഔട്ട്ഡോർ ട്രെയിനിങ് മാത്രമാണ് കഴിഞ്ഞ ദിവസം റാൾഫ് റാങ്നിക്കിനു നടത്താൻ കഴിഞ്ഞത്.

നോർവിച്ച് സിറ്റിക്കെതിരായ കഴിഞ്ഞ മത്സരത്തിനുണ്ടായിരുന്ന ടീമിലെ താരങ്ങൾക്ക് കോവിഡ് പരിശോധന നടത്തിയെങ്കിലും അതിൽ ഫലങ്ങളെല്ലാം നെഗറ്റിവ് ആയിരുന്നു. എന്നാൽ അതിനു ശേഷം കഴിഞ്ഞ ദിവസത്തെ ട്രെയിനിങ്ങിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ചില താരങ്ങൾക്കും സ്റ്റാഫുകൾക്കും അണുബാധ കണ്ടെത്തിയത്. ഇവരെ ഐസൊലേഷനിൽ തുടരുന്നതിനായി വീടുകളിലേക്ക് അയച്ചു.

കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വ്യാപനം റിപ്പോർട്ടു ചെയ്യപ്പെട്ടതിനു പിന്നാലെയാണ് മഹാമാരി വീണ്ടും കൂടുതൽ പേരിലേക്ക് പടരുന്നതെന്നത് ആശങ്ക തന്നെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളിൽ അണുബാധ കണ്ടെത്തി കഴിഞ്ഞതോടെ അടുത്ത ദിവസം ബ്രെന്റഫോഡിനെതിരെ നടക്കേണ്ട ലീഗ് മത്സരത്തിന്റെ കാര്യം ആശങ്കയിൽ തുടരുകയാണ്.

കോവിഡ് മഹാമാരി പ്രീമിയർ ലീഗ് ക്ലബുകളെയെല്ലാം വളരെയധികം ബാധിച്ച സാഹചര്യമാണ് നിലവിലുള്ളത്. ആസ്റ്റൺ വില്ല കഴിഞ്ഞ ദിവസത്തെ പരിശീലനം ഇതേതുടർന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ ഷെഫീൽഡും ക്വീൻ പാർക്ക് റേഞ്ചേഴ്‌സും തമ്മിൽ നടക്കേണ്ട മത്സരം ടീമിൽ വേണ്ടത്ര താരങ്ങൾ ലഭ്യമല്ലെന്നു ക്യുപിആർ അറിയിച്ചതിനെ തുടർന്ന് മാറ്റി വെച്ചിട്ടുണ്ട്.

കോവിഡ് മൂലം കടുത്ത പ്രതിസന്ധിയിൽ നിൽക്കുന്നത് ടോട്ടനം ഹോസ്‌പറാണ്. എട്ടു താരങ്ങൾക്കും അഞ്ചു സ്റ്റാഫുകൾക്കും കോവിഡ് ബാധിച്ചതിനെ തുടർന്ന് റെന്നെസുമായുള്ള കോൺഫറൻസ് ലീഗ് മത്സരം ഒഴിവാക്കേണ്ടി വന്ന അവർ ടൂർണമെന്റിൽ നിന്നും പുറത്താകൽ ഭീഷണിയിലാണ്. ഇതിനു പുറമെ ബ്രൈറ്റനുമായുള്ള പ്രീമിയർ ലീഗ് മത്സരവും അവർക്ക് മാറ്റി വെക്കേണ്ടി വന്നിരുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit