Manchester United

"നിങ്ങൾക്കീ ജേഴ്‌സിയണിയാൻ അർഹതയില്ല"- മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്കെതിരെ പ്രതികരിച്ച് ആരാധകർ

Sreejith N
Man Utd Fans Chant Against Players In Brighton Humiliation
Man Utd Fans Chant Against Players In Brighton Humiliation / GLYN KIRK/GettyImages
facebooktwitterreddit

ബ്രൈറ്റനെതിരെ ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ നാണംകെട്ട തോൽവിയേറ്റു വാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ താരങ്ങൾക്കെതിരെ പ്രതിഷേധസ്വരമുയർത്തി ആരാധകർ. ബ്രൈറ്റൻറെ മൈതാനത്തു നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് ക്ലബിന്റെ ജേഴ്‌സിയണിയാൻ അർഹത ഇല്ലെന്ന മുദ്രാവാക്യമാണ് ആരാധകർ ഉയർത്തിയത്.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള നേരിയ സാധ്യതയെങ്കിലും നിലനിർത്താൻ വിജയം അനിവാര്യമായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നു പൊരുതുക പോലും ചെയ്യാതെ കീഴടങ്ങിയ മത്സരമായിരുന്നു ഇന്നലത്തേത്. മോസസ് കൈസഡോ, മാർക് കുകുറയ്യ, പാസ്‌കൽ ഗ്രോ, ലിയാൻഡ്രോ ട്രോസാർഡ് എന്നിവർ ബ്രൈറ്റണു വേണ്ടി ഗോൾ നേടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകില്ലെന്നു തീർച്ചയായിട്ടുണ്ട്.

മത്സരം കാണാനായി ബ്രൈറ്റണിന്റെ മൈതാനത്തെത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരാണ് ടീമിന്റെ മോശം പ്രകടനത്തിൽ പ്രതിഷേധം ഉയർത്തിയത്. കളി നടന്നു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ "നിങ്ങൾ ഈ ജേഴ്‌സി അണിയാൻ അർഹരല്ല" എന്ന മുദ്രാവാക്യം ആരാധകർ വിളിച്ചു കൊണ്ടിരുന്നു. അതേസമയം ആരാധകരുടെ പ്രതിഷേധം തീർത്തും ന്യായമായ കാര്യമാണെന്നാണ് മത്സരത്തിനു ശേഷം ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചത്.

"ഞാൻ എന്നെയും അതിൽ ഉൾപ്പെടുത്തുന്നു. ഞങ്ങൾ ഇന്നു ചെയ്‌തത്‌, ഞാൻ ഇന്നു ചെയ്‌തത്‌, മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്‌സിയിൽ നിൽക്കുമ്പോൾ വേണ്ടത്രയല്ല, ഞാനതിനെ മനസിലാക്കി സ്വീകരിക്കുന്നു. അവർ ഞങ്ങളെ നിഷ്പ്രഭരാക്കി. അവർക്ക് എല്ലായിപ്പോഴും പരിഹാരം ഉണ്ടായിരുന്നു. മികച്ച രീതിയിൽ പ്രസ് ചെയ്‌തു കളിച്ച അവർ ഈ ഫലം അർഹിക്കുന്നു." ഫെർണാണ്ടസ് വ്യക്തമാക്കി.

പ്രീമിയർ ലീഗിൽ ഇനി ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ബാക്കിയുള്ളത്. ലീഗിലെ പത്താം സ്ഥാനക്കാരായ ക്രിസ്റ്റൽ പാലസിന്റെ മൈതാനത്തു നടക്കുന്ന ആ മത്സരത്തിലും തോൽവി വഴങ്ങിയാൽ അടുത്ത സീസണിൽ യുവേഫയുടെ ഒരു ടൂർണ്ണമെന്റിലും കളിക്കാൻ കഴിയില്ലെന്ന നാണക്കേട് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തേടിയെത്താനും സാധ്യതയുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit