കോണ്ടെയിൽ താൽപര്യമില്ല, സോൾഷെയറിനെ ഒഴിവാക്കിയാൽ ബ്രെണ്ടൻ റോജേഴ്സിനെ പകരക്കാരനായി നിയമിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്


മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷെയറിന് ഇനിയുള്ള ഓരോ മത്സരവും തന്റെ തലക്കു മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ പോലെയാണ്. ലിവർപൂളിനോടേറ്റ കനത്ത തോൽവിയോടെ നോർവീജിയൻ പരിശീലകന്റെ രക്തത്തിനായി നാനാഭാഗത്തു നിന്നും മുറവിളികൾ ശക്തമായതോടെ ഇനിയുള്ള മത്സരങ്ങളിൽ ടീം മോശം പ്രകടനം നടത്തിയാൽ ഒലെയുടെ സ്ഥാനം തെറിക്കും എന്നുറപ്പാണ്.
അതേസമയം ഒലെയുടെ പകരക്കാരനെ കണ്ടെത്തുന്നതിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മുൻ റയൽ പരിശീലകനായ സിദാനിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു താൽപര്യമുണ്ടായിരുന്നെങ്കിലും ഫ്രഞ്ച് ഇതിഹാസത്തിനു മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കാൻ താൽപര്യമില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനു പിന്നാലെ കോണ്ടേയുടെ പേരും ഉയർന്നു കേട്ടെങ്കിലും യുണൈറ്റഡ് നേതൃത്വം അതിൽ നിന്നുമിപ്പോൾ പിൻവലിഞ്ഞെന്നാണ് സൂചനകൾ.
Ole Gunnar Solskjaer told he 'isn't the right man' as Manchester United 'line up move for Brendan Rodgers' #MUFC https://t.co/qPYW2eWwNC
— Man United News (@ManUtdMEN) October 29, 2021
ഇഎസ്പിഎൻ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം നിലവിൽ ലൈസ്റ്റർ സിറ്റി കോച്ചായ ബ്രെണ്ടൻ റോജേഴ്സിനെയാണ് ഒലെയെ ഒഴിവാക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായി പരിഗണിക്കുന്നത്. കോണ്ടേയെപ്പോലെ വമ്പൻ സൈനിംഗുകൾ അടക്കമുള്ള ഡിമാൻഡുകൾ മുന്നോട്ടു വെക്കില്ലെന്നതും പ്രീമിയർ ലീഗിലുള്ള പരിചയസമ്പത്തും റോജേഴ്സിന് അനുകൂല ഘടകമാണ്.
പ്രീമിയർ ലീഗിൽ നിന്നു തന്നെയുള്ള യുവതാരങ്ങൾക്ക് അവസരം നൽകാൻ മടിക്കാത്ത, ആക്രമണ ഫുട്ബോൾ കളിപ്പിക്കുന്ന ഒരു മാനേജറെയാണ് യുണൈറ്റഡ് നേതൃത്വം നോട്ടമിടുന്നത്. തങ്ങളുടെ പ്രധാന എതിരാളികളായ ലിവർപൂളിനെ പരിശീലിപ്പിച്ചിട്ടുള്ള, 2025 വരെ ലൈസ്റ്റർ സിറ്റിയുമായി കരാറുള്ള റോജേഴ്സ് ഇതെല്ലാം കൊണ്ടു തന്നെ ടീമിന് അനുയോജ്യനാണെന്ന് അവർ കരുതുന്നു.
നിലവിൽ സോൾഷെയറിന്റെ ഭാവി ഭദ്രമാണെങ്കിലും അടുത്ത ഏതാനും മത്സരങ്ങളിലെ ഫലങ്ങൾ അതിൽ സ്വാധീനമുണ്ടാക്കാൻ കഴിവുള്ളതാണ്. യുണൈറ്റഡ് മോശം പ്രകടനം തുടർന്നാൽ റോജേഴ്സിനെ ഒലെക്ക് പകരക്കാരനായി ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തിയേക്കും. അത് വിജയം കണ്ടില്ലെങ്കിൽ മാത്രമേ കോണ്ടെ, പോച്ചട്ടിനോ എന്നിവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുകയുള്ളൂ.