Football in Malayalam

ചെൽസിയുമായി കരാർ പുതുക്കാൻ മടിച്ചു നിൽക്കുന്ന റുഡിഗറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

Sreejith N
Chelsea v Leeds United - Premier League
Chelsea v Leeds United - Premier League / Sebastian Frej/MB Media/GettyImages
facebooktwitterreddit

ഈ സീസണോടെ ചെൽസിയുമായുള്ള കരാർ അവസാനിക്കുന്ന ജർമൻ പ്രതിരോധതാരം അന്റോണിയോ റുഡിഗറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്. തോമസ് ടുഷെൽ ചെൽസിയുടെ പരിശീലകനായി സ്ഥാനമേറ്റെടുത്തതിനു ശേഷം തകർപ്പൻ ഫോമിൽ കളിക്കുന്ന താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ നടപ്പിലാക്കാൻ പോകുന്ന ശൈലിക്ക് അനുയോജ്യനാണെന്നാണ് റാങ്നിക്ക് വിലയിരുത്തുന്നത്.

റാഫേൽ വരാനെ, ഹാരി മാഗ്വയർ, വിക്റ്റർ ലിൻഡ്‌ലോഫ്, എറിക് ബെയ്‌ലി എന്നിങ്ങനെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തിലുള്ള നാലു പേരും ഭേദപ്പെട്ട താരങ്ങൾ ആണെങ്കിലും റുഡിഗർക്കു വേണ്ടി റെഡ് ഡെവിൾസ് നീക്കങ്ങൾ നടത്തുമെന്നു തന്നെയാണ് സ്കൈ ജർമനി റിപ്പോർട്ടു ചെയ്യുന്നത്. അതേസമയം റോമയിൽ നിന്നുമെത്തിയ താരത്തെക്കൊണ്ട് പുതിയ കരാർ ഒപ്പിടീക്കാനാണ് ചെൽസി നേതൃത്വം ശ്രമിക്കുന്നത്.

ടുഷെൽ പരിശീലകനായി എത്തിയതിനു ശേഷം ചെൽസി കാഴ്‌ച വെക്കുന്ന കുതിപ്പിൽ ജർമൻ താരത്തിനും വലിയൊരു പങ്ക് അവകാശപ്പെടാനുണ്ട്. ഗോളുകൾ വഴങ്ങാൻ മടി കാണിക്കുന്ന ചെൽസി പ്രതിരോധത്തെ തിയാഗോ സിൽവക്കൊപ്പം മുന്നിൽ നിന്നു നയിക്കുന്ന റുഡിഗർ പല സമയത്തും ടീമിനെ രക്ഷിക്കുന്ന ഗോളുകളും നേടുന്നുണ്ട്. എന്നാൽ ഈ സീസണിനപ്പുറം താരം ലണ്ടൻ ക്ലബിൽ തുടരാനുള്ള സാധ്യത വളരെ കുറവാണ്.

റുഡിഗറെ ഈ വരുന്ന ജനുവരിയിലോ അടുത്ത സമ്മറിലോ സ്വന്തമാക്കാൻ തയ്യാറെടുക്കുന്ന ആദ്യത്തെ ക്ലബല്ല മാഞ്ചസ്റ്റർ യുണൈറ്റഡ്. കനത്ത വെല്ലുവിളി തന്നെ ഇക്കാര്യത്തിൽ റെഡ് ഡെവിൾസ് നേരിടേണ്ടി വരുമെന്നുറപ്പാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്, പിഎസ്‌ജി എന്നിവരാണ് ജർമൻ താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit