Football in Malayalam

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടില്ലെന്ന് റിപോർട്ട്

Haroon Rasheed
Atalanta v Manchester United: Group F - UEFA Champions League
Atalanta v Manchester United: Group F - UEFA Champions League / Jonathan Moscrop/GettyImages
facebooktwitterreddit

തങ്ങളുമായുള്ള കരാര്‍ അവസാനിക്കാനിരിക്കുന്ന ഫ്രഞ്ച് താരം പോള്‍ പോഗ്ബ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ് വിടില്ലെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നതെന്ന് റിപ്പോർട്ട്. ഇ.എസ്.പി.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ സീസണ്‍ അവസാനത്തോടെ ചുവന്ന ചെകുത്താന്‍മാര്‍ക്കൊപ്പമുള്ള പോഗ്ബയുടെ കരാര്‍ അവസാനിക്കുകയാണ്. അതിനാല്‍ താരം ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. എന്നാല്‍ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പോഗ്ബ ക്ലബ് വിടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം, ക്ലബ് വിടാൻ തന്നെയാണ് പോഗ്ബയുടെ തീരുമാനമെങ്കിൽ, താരത്തിന് വരുന്ന ഓഫറുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിഗണിക്കുമെന്നും ഇഎസ്പിഎൻ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ ഇതുവരെ യുണൈറ്റഡ് അതിന് മുതിര്‍ന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നവംബറില്‍ ഏറ്റ മസില്‍ ഇഞ്ചുറിയെ തുടര്‍ന്ന് വിശ്രമത്തിലുള്ള പോഗ്ബ പുതിയ പരിശീലകന്‍ റാങ്‌നിക്കിനൊപ്പം ജോലി ചെയ്യാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അതേ സമയം, സമ്മറോടെ ഫ്രീ ഏജന്റ് ആകുന്ന പോഗ്ബയെ സ്വന്തമാക്കാനായി യൂറോപ്പിലെ പല വമ്പന്മാരും രംഗത്തുണ്ട്. പി.എസ്.ജി, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നിവരാണ് പോഗ്ബയുടെ നീക്കങ്ങളെ സൂക്ഷമമായി നിരീക്ഷിക്കുന്നത്.

നേരത്തെ, 2016ലായിരുന്നു ഇറ്റാലിയന്‍ ക്ലബായ യുവന്റസില്‍ നിന്ന് പോഗ്ബ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയത്. ക്ലബിൽ പലപ്പോഴും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരിൽ വിമർശനം ഏറ്റുവാങ്ങിയിട്ടുള്ള താരം ചുവന്ന ചെകുത്താന്മാർക്കൊപ്പം തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത അടുത്ത വർഷത്തിന്റെ തുടക്കത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit