റൊണാൾഡോക്കു വേണ്ടിയുള്ള ചർച്ചകൾക്കിടെ ബാഴ്സ താരത്തെ സ്വന്തമാക്കാനുള്ള സാധ്യതകൾ അന്വേഷിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്


ഫുട്ബോൾ ലോകത്തെ തന്നെ ആവേശത്തിലാഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ നിരവധി ക്ളബുകളെയും പോർച്ചുഗൽ നായകനെയും ബന്ധപ്പെടുത്തി ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ തന്റെ പഴയ തട്ടകത്തിലേക്കു തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തുകയായിരുന്നു.
അതേസമയം റൊണാൾഡോയുടെ ട്രാൻസ്ഫറിന്റെ ചർച്ചകൾക്കിടെ ബാഴ്സലോണ താരം അൻസു ഫാറ്റിയെ സ്വന്തമാക്കാനുള്ള സാധ്യതകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് അന്വേഷിച്ചിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർറ്റീവോ പുറത്തു വിട്ട റിപ്പോർട്ടുകൾ പറയുന്നത്. റൊണാൾഡോയുടെയും ഫാറ്റിയുടെയും ഏജന്റായ ജോർജ് മെൻഡസിനോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതു സംബന്ധിച്ച സാധ്യതകൾ അന്വേഷിച്ചത്.
Manchester United 'enquired about Ansu Fati while in talks with Jorge Mendes over Cristiano Ronaldo's return' https://t.co/k0UL5AOj3b
— MailOnline Sport (@MailSport) September 15, 2021
പതിനാറാം വയസിൽ തന്നെ ബാഴ്സലോണയിൽ അരങ്ങേറ്റം നടത്തി ക്ലബിനു വേണ്ടി ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരം എന്നതടക്കമുള്ള റെക്കോർഡുകൾ സ്വന്തമാക്കിയ അൻസു ഫാറ്റിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു താൽപര്യമുണ്ടെന്ന് കഴിഞ്ഞ സീസണു മുൻപു തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബാഴ്സലോണ താരത്തെ വിട്ടുകൊടുക്കാൻ താൽപര്യമില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ബാഴ്സലോണക്ക് വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കെ പരിക്കേറ്റു സീസൺ മുഴുവനും യൂറോ കപ്പും നഷ്ടമായ ഫാറ്റിയുടെ കരാറിൽ ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് താരത്തിനായി യുണൈറ്റഡ് വീണ്ടും അന്വേഷണം നടത്തിയത്. ഫാറ്റിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെച്ച ഓഫറിൽ താൽപര്യമുണ്ടായിരുന്നു, എന്നാൽ ബാഴ്സലോണ വീണ്ടും താരത്തെ നൽകില്ലെന്ന് വ്യക്തമാക്കി എന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം പരിക്കിൽ നിന്നും മോചിതനായി തിരിച്ചു വരവിനു തയ്യാറെടുക്കുന്ന അൻസു ഫാറ്റിയുടെ കരാർ പുതുക്കാനുള്ള ചർച്ചകൾ ജോർജ് മെന്ഡസും ബാഴ്സയും ആരംഭിച്ചുവെന്ന് മാർക്കയടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. താരം എന്നു കളത്തിലിറങ്ങുമെന്ന് തീർച്ചയായിട്ടില്ല എങ്കിലും ലയണൽ മെസിയുടെ പത്താം നമ്പർ ജേഴ്സി നൽകുക വഴി വലിയൊരു ചുമതല തന്നെയാണ് പതിനെട്ടുകാരനായ താരത്തിനു മുന്നിലുള്ളത്.