എര്‍ലിങ് ഹാളണ്ടിന് വേണ്ടിയുള്ള നീക്കത്തില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്നോട്ട്

ജര്‍മന്‍ ക്ലബായ ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ യുവതാരം എര്‍ലിങ് ഹാളണ്ടിന് വേണ്ടിയുള്ള ശ്രമത്തില്‍ നിന്ന് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്‍മാറുന്നു. നേരത്തെ ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബുകള്‍ക്കൊപ്പം താരത്തെ സ്വന്തമാക്കുന്നതിന് വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുണ്ടായിരുന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ താരത്തിന് വേണ്ടി നീക്കം നടത്തേണ്ട എന്ന നിലപാടിലാണ് യുണൈറ്റഡ്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബിലേക്കുള്ള വരവും പരിശീലകനായിരുന്നു ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാര്‍ ക്ലബ് വിട്ടതോട് കൂടിയും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ലക്ഷ്യമിടുന്നവരുടെ ലിസ്റ്റിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇത് കൊണ്ടാണ് ഹാളണ്ടിനെ സ്വന്തമാക്കുന്നതില്‍ നിന്ന് യുണൈറ്റഡ് പിന്തിരിയാൻ കാരണമെന്നാണ് മാര്‍ക്കയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹാളണ്ടിനെ സ്വന്തമാക്കുന്നതിന് പകരം മധ്യനിരയില്‍ താരങ്ങളെ എത്തിക്കുന്ന കാര്യത്തിലാണ് ചുവന്ന ചെകുത്താന്‍മാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. മിഡ്ഫീല്‍ഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം റിവര്‍ പ്ലേറ്റിന്റെ മുന്നേറ്റ താരം ജൂലിയാന്‍ അല്‍വാരെസിനെ ക്ലബിലെത്തിക്കുന്നതിനുള്ള നീക്കവും പ്രീമിയര്‍ ലീഗ് കരുത്തന്‍മാര്‍ നടത്തുന്നുണ്ട്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഹാളണ്ടിന് വേണ്ടിയുള്ള ശ്രമത്തില്‍ നിന്ന് യുണൈറ്റഡ് പിന്‍മാറിയെങ്കിലും ബാഴ്‌സലോണയും റയലും താരത്തിന് വേണ്ടി ശക്തമായ ശ്രമമാണ് നടത്തുന്നത്. കൂട്ടത്തില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ സിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. ഹാളണ്ടിനെ സ്വന്തമാക്കുന്ന കാര്യത്തിൽ അനുകൂല നിലപാടാണ് ബാഴ്‌സലോണ പ്രസിഡന്റ് ജൊവാൻ ലപോർട്ട എടുത്തിട്ടുള്ളത്. റയലും ശക്തമായി പിറകെ ഉള്ളത് കൊണ്ട് പുതിയ സീസണില്‍ ഹാളണ്ടിനെ സ്‌പെയിനില്‍ തന്നെ കാണാനാണ് സാധ്യത കൂടുതല്‍.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.