Football in Malayalam

ബാഴ്‌സലോണയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ വൈകിപ്പിക്കാന്‍ ഡെംബലെയെ പ്രോല്‍സാഹിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Haroon Rasheed
Dinamo Kiev v FC Barcelona - Group E - UEFA Champions League
Dinamo Kiev v FC Barcelona - Group E - UEFA Champions League / BSR Agency/GettyImages
facebooktwitterreddit

ബാഴ്‌സലോണയുടെ ഫ്രഞ്ച് യുവതാരം ഉസ്മാന്‍ ഡെംബലെയില്‍ കണ്ണ് വെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സമ്മറില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ഡെംബലെയെ ടീമിലെത്തിക്കുന്നതിന് താരത്തിന്റെ പ്രതിനിധിയുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചര്‍ച്ച നടത്തിയെന്നാണ് വിവരം.

നേരത്തെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡെംബലെയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും, അന്നൊന്നും നീക്കം വിജയം കണ്ടിരുന്നില്ല. എന്നാൽ, ബാഴ്‌സലോണയുമായുള്ള കരാറിന്റെ അവസാന ആറ് മാസങ്ങളിലേക്ക് കടന്ന താരത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിക്കാനുള്ള പദ്ധതികളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാക്കുന്നതെന്നാണ് റിപോർട്ടുകൾ.

അതേ സമയം, ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ സാവിക്ക് താരത്തെ ടീമില്‍ നിലനിര്‍ത്തനാണ് താല്‍പര്യം.

"ഡെംബലെക്ക് അദ്ദേഹത്തിൻറെ പൊസിഷനിലെ ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ കഴിയും. അദ്ദേഹം ലോക നിലവാരമുള്ള താരമാകണം. വിജയീമനോഭാവവും സ്ഥിരതയുമുണ്ടാകേണ്ടത് പ്രധാനമാണ്. അതിനാല്‍ നമ്മള്‍ അദ്ദേഹത്തെ സഹായിക്കണം," ബാഴ്‌സലോണ പരിശീലകനായി ചുമതലയേറ്റതിന് ശേഷം സാവി പറഞ്ഞതായി ഫുട്ബോൾ എസ്പാന റിപ്പോർട്ട് ചെയ്‌തിരുന്നു. ഡെംബലെയെ ടീമിൽ നിലനിറുത്താനാണ് താൻ ആഗ്രഹിക്കുന്നതെന്ന സൂചനകൾ നൽകുന്ന വാക്കുകളായിരുന്നു അത്.

അതിനാൽ തന്നെ, താരത്തിന് പുതിയ കരാർ നൽകാനുള്ള ശ്രമങ്ങൾ കാറ്റലൻ ക്ലബിൽ നടക്കുന്നുണ്ട്. എന്നിരുന്നാലും യുണൈറ്റഡ് താരത്തെ ടീമിലെത്തിക്കുന്നതിന് വേണ്ടി ശ്രമം തുടരുന്നുണ്ടെന്ന് മണ്ടോ ഡിപ്പോര്‍ട്ടീവോ റിപ്പോർട്ട് ചെയ്യുന്നു.
ഡെംബലെയോട് നേരിട്ട് കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിയില്ലെങ്കിലും താരത്തിന്റെ ഏജന്റിനോട് ജനുവരി വരെ ബാഴ്‌സലോണയുമായുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാനും യുണൈറ്റഡ് ആവശ്യപ്പെട്ടതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

യുണൈറ്റഡിലേക്ക് പോകാന്‍ ഡെംബലെക്ക് താല്‍പര്യമുണ്ടെങ്കിലും താരത്തെ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ബാഴ്‌സലോണ. 2017ലായിരുന്നു ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്ന് ഡെംബലെ ബാഴ്‌സലോണയിലെത്തിയത്. ബാഴ്‌സലോണക്കായി 81 മത്സരം കളിച്ച താരം 18 ഗോളുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit