Manchester United

പ്രീ-സീസൺ മത്സരത്തിൽ ലിവർപൂളിനെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

Man Utd scored three goals in the first half
Man Utd scored three goals in the first half / Pakawich Damrongkiattisak/GettyImages
facebooktwitterreddit

ബാങ്കോക്കിലെ രാജമംഗള സ്റ്റേഡിയത്തിൽ വെച്ച് നടന്ന പ്രീ-സീസൺ മത്സരത്തിൽ ലിവർപൂളിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ജേഡൻ സാഞ്ചോ, ഫ്രെഡ്, ആന്റണി മാർഷ്യൽ, ഫക്കുണ്ടോ പെല്ലിസ്ട്രി എന്നിവരാണ് യുണൈറ്റഡിന് വേണ്ടി മത്സരത്തിൽ ഗോളുകൾ നേടിയത്.

ഡേവിഡ് ഡി ഹിയ, ഡിയഗോ ഡാലോട്ട്, റാഫേൽ വരാൻ, വിക്ടർ ലിൻഡെലോഫ്, ലൂക്ക് ഷോ, സ്കോട് മക്ടോമിനി, ഫ്രെഡ്, ബ്രൂണോ ഫെർണാണ്ടസ്, ജേഡൻ സാഞ്ചോ, ആന്റണി മാർഷ്യൽ, മാർക്കസ് റാഷ്‌ഫോർഡ് എന്നിവരെ അണിനിരത്തിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം ആരംഭിച്ചത്.

മറുവശത്ത്, അലിസൺ, ലൂക്ക് ചേമ്പേഴ്‌സ്, ജോ ഗോമസ്, നാറ്റ് ഫിലിപ്സ്, ഐസക് മബായ, ടൈലർ മോർട്ടൺ, ജോർദാൻ ഹെൻഡേഴ്‌സൺ, ഫാബിയോ കർവാലോ, ലൂയിസ് ഡയസ്, റോബർട്ട് ഫിർമിനോ, ഹാർവേ എല്ലിയോട്ട് എന്നിവരായിരുന്നു ലിവർപൂൾ ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്.

മത്സരം തുടങ്ങി 12ആം മിനുറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡെടുത്തു. ബ്രൂണോ ഫെർണാണ്ടസിന്റെ ബോക്സിലേക്കുള്ള ക്രോസ് കൃത്യമായി ക്ലിയർ ചെയ്യുന്നതിൽ ലിവർപൂൾ പ്രതിരോധം പരാജയപ്പെട്ടപ്പോൾ, അവസരം മുതലെടുത്ത സാഞ്ചോ പന്ത് വലയിലെത്തിച്ചു.

30ആം മിനുറ്റിൽ യുണൈറ്റഡ് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി. ബോക്സിന് പുറത്ത് വെച്ച് ഒരു ലോബിലൂടെ ഫ്രെഡ് ആണ് ചുവന്ന ചെകുത്താന്മാർക്ക് വേണ്ടി ഗോൾവല കുലുക്കിയത്.

32ആം മിനുറ്റിൽ അലിസൺ ഒഴികെയുള്ള താരങ്ങളെ പിൻവലിച്ച് ജോയൽ മാറ്റിപ്, കോസ്റ്റാസ് സിമിക്കസ്, റൈസ് വില്യംസ്, കർട്ടിസ് ജോൺസ്‌, അലക്സ് ഓക്‌സ്‌ലെയ്ഡ്-ചേമ്പർലിൻ, മെൽക്കമു ഫ്രോവൻഡോർഫ്, ജെയിംസ് മിൽനർ, സ്റ്റെഫാൻ മക്വിയേറ, ലെയ്റ്റൺ ക്ലാർക്‌സൺ, ബോബി ക്ലാർക് എന്നിവരെ കളത്തിലിറക്കി.

33ആം മിനുറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിലെ മൂന്നാം ഗോളും നേടി. ലിവർപൂൾ താരത്തിൽ നിന്ന് പന്ത് കൈക്കലാക്കി കുതിച്ച മാർഷ്യൽ ഒരു മികച്ച ഷോട്ടിലൂടെ അലിസണെ മറികടന്ന് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിൽ ഡി ഹിയ ഒഴികെയുള്ള താരങ്ങളെ പിൻവലിച്ച്, ഡോണി വാൻ ഡി ബീക്ക്, അലക്സ് ടെല്ലസ്, എറിക് ബെയ്‌ലി, ടൈറൽ മലാസിയ, ആരോൺ വാൻ-ബിസാക്ക, സിദാൻ ഇക്ബാൽ, ചാർലി സാവേജ്, ആന്റണി എലാങ്ക, ഫക്കുണ്ടോ പെല്ലിസ്ട്രി, അമദ് ഡിയാലോ എന്നിവരെ ടെൻ ഹാഗ് കളത്തിലിറക്കി. മറുവശത്ത്, അലിസണെ പിൻവലിച്ച് അഡ്രിയാനെ ലിവർപൂൾ ഇറക്കി.

സ്കോർനില 3-0 എന്ന നിലയിൽ തുടർന്നതോടെ, മത്സരത്തിന്റെ 60ആം മിനുറ്റിൽ ലിവർപൂൾ 10 മാറ്റങ്ങൾ വരുത്തി. ഗോൾകീപ്പർ ഒഴികെയുള്ള താരങ്ങളെ പിൻവലിച്ച്, ട്രെന്റ് അലക്‌സാണ്ടർ-അർണോൾഡ്, ഇബ്രാഹിം കൊണാട്ടെ, വിർജിൽ വാൻ ഡൈക്ക്, ആൻഡി റോബർട്സൺ, തിയാഗോ, ഫാബീന്യോ, തോമസ് ഹിൽ, നാബി കെയ്റ്റ, ഡാർവിൻ നൂനസ്, മുഹമ്മദ് സലാ എന്നിവരെ കളത്തിലിറക്കി.

പകരക്കാരെ കളത്തിലിറക്കിയത് ആക്രമണം ശക്തമാക്കാൻ ലിവർപൂളിനെ സഹായിച്ചെങ്കിലും, മാഞ്ചസ്റ്റർ യുണൈറ്റഡ് ശക്തമായി പ്രതിരോധിക്കുകയും, 76ആം മിനുറ്റിൽ മികച്ചൊരു നീക്കത്തിലൂടെ നാലാം ഗോൾ കണ്ടെത്തുകയും ചെയ്‌തു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസീവ് തേർഡിൽ നിന്ന് പന്ത് കൈക്കലാക്കി മുന്നോട്ട് കുതിച്ച ബെയ്‌ലി, അത് പെല്ലിസ്ട്രിക്ക് നൽകി. പന്ത് അമദിന് നൽകിയ പെല്ലിസ്ട്രി, താരത്തിന്റെ റിട്ടേൺ പാസിൽ നിന്ന് ഗോളടിക്കുകയായിരുന്നു.


facebooktwitterreddit