Football in Malayalam

ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കാൻ തീരുമാനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Ali Shibil Roshan
Solskjaer could soon be sacked by Man Utd
Solskjaer could soon be sacked by Man Utd / Charlie Crowhurst/GettyImages
facebooktwitterreddit

പ്രീമിയർ ലീഗിൽ വാറ്റ്‌ഫോഡിനോടേറ്റ 4-1ന്റെ നാണംകെടുത്തുന്ന പരാജയത്തിന് പിന്നാലെ പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചതായി ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാൻ, ജേഡൻ സാഞ്ചോ എന്നിവരെ സ്വന്തമാക്കിയിട്ടും, ടീം മോശം പ്രകടനം കാഴ്ചവെക്കുന്നതിനെ തുടർന്ന് സമ്മർദ്ദത്തിലായിരുന്ന സോൾഷെയറിന് വാറ്റ്‌ഫോഡിനെതിരായ പരാജയം അവസാന അടിയായിരുന്നു.

വാറ്റ്‌ഫോഡിന് എതിരായ മത്സരത്തിന്റെ രണ്ടാം പകുതിക്കിടെ തന്നെ യുകെ സമയം വൈകീട്ട് ഏഴ് മണിക്ക് എമർജൻസി ബോർഡ് മീറ്റിങ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിളിച്ചിരുന്നു. മീറ്റിങ്ങിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആയ റിച്ചാർഡ് അർണോൾഡിനോട് സോൾഷെയറുടെ ക്ലബുമായുള്ള കോൺട്രാക്ട് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കൃത്യമായ നിബന്ധനകൾ ചർച്ച ചെയ്യാൻ നിർദേശിച്ചതായി ദി ടൈംസ് അവരുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലൈയിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി 2024 വരെയുള്ള കരാർ ഒപ്പിട്ട സോൾഷെയറെ പുറത്താക്കുമ്പോൾ, അദ്ദേഹത്തിന് 7.5 മില്യൺ പൗണ്ട് (ഏകദേശം 75 കോടിയോളം ഇന്ത്യൻ രൂപ) നൽകേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം, സോൾഷെയറുടെ പകരക്കാരനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഏറ്റെടുക്കാൻ സിനദിൻ സിദാനെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ക്ലബ് അധികൃതരോട് ക്ലബ് ഉടമകളായ ഗ്ലേസർ കുടുംബം നിർദ്ദേശിച്ചതായുംദി ടൈംസിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി, സിദാന് മെച്ചപ്പെട്ട ശമ്പള പാക്കേജ് വാഗ്ദാനം ചെയ്യാനും ക്ലബ് ഉടമസ്ഥർ പച്ചക്കൊടി വീശിയിട്ടുണ്ടെന്നും ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

സിദാന് പുറമെ നിലവിലെ ലെസ്റ്റർ സിറ്റി പരിശീലകൻ ബ്രെണ്ടൻ റോഡ്‌ജേഴ്സ്, അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ്, ലോക്കോമോട്ടീവ് മോസ്കോയുടെ ഹെഡ് ഓഫ് സ്പോർട്സ് ആൻഡ് ഡെവലപ്മെന്റ് ആയ റാൽഫ് റാംഗ്‌നിക്ക് എന്നിവരും സോൾഷെയറെ പുറത്താക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനത്തേക്ക് പറഞ്ഞ് കേൾക്കുന്ന പേരുകളാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit