Football in Malayalam

അർജന്റീനിയൻ യുവവിസ്‌മയം ജൂലിയൻ അൽവാരസിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്ത്

Sreejith N
River Plate v Patronato - Torneo Liga Profesional 2021
River Plate v Patronato - Torneo Liga Profesional 2021 / Marcelo Endelli/GettyImages
facebooktwitterreddit

പ്രീമിയർ ലീഗിൽ കിരീടപ്രതീക്ഷ കുറവാണെങ്കിലും ടോപ് ഫോർ ഉറപ്പിക്കാനും സാധ്യമായ മറ്റെല്ലാ കിരീടങ്ങളും സ്വന്തമാക്കാനും തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ റാൽഫ് റാങ്നിക്ക് ഈ സീസണിൽ ലക്ഷ്യമിടുന്നത്. അതിനു വേണ്ടി ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിനെ ശക്തിപ്പെടുത്താൻ പുതിയ നിരവധി താരങ്ങളെ അദ്ദേഹം നോട്ടമിടുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിട്ട താരങ്ങളിൽ അർജന്റീനയുടെ യുവതാരമായ ജൂലിയൻ അൽവാരസുമുണ്ടെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ട് പറയുന്നത്. അർജന്റീനിയൻ ക്ലബായ റിവർപ്ളേറ്റിനു വേണ്ടി മികച്ച പ്രകടനം നടത്തുന്ന ഇരുപത്തിയൊന്നു വയസുള്ള താരത്തിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികമായി തന്നെ നീക്കങ്ങൾ ആരംഭിച്ചു എന്നും അവർ വ്യക്തമാക്കുന്നു.

യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് അൽവാരസിൽ താൽപര്യം ഉണ്ടെങ്കിലും അവരൊന്നും ഔദ്യോഗികമായി നീക്കങ്ങൾ നടത്തിയിട്ടില്ല എന്നതിനാൽ താരത്തെ സ്വന്തമാക്കാനുള്ള മത്സരത്തിൽ തങ്ങൾക്കു മുൻ‌തൂക്കം ലഭിക്കുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്. ബയേൺ മ്യൂണിക്ക്, യുവന്റസ്, എസി മിലാൻ, അത്ലറ്റികോ മാഡ്രിഡ്, റയൽ മാഡ്രിഡ്, ബാഴ്‌സ എന്നീ ക്ലബുകൾക്കെല്ലാം താരത്തിൽ താൽപര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അടുത്ത വർഷം ലോകകപ്പ് നടക്കുന്നതിനാൽ യൂറോപ്പിലേക്കുള്ള ട്രാൻസ്‌ഫറിനു അൽവാരസിനും താത്പര്യമുണ്ടാകാൻ സാധ്യത കൂടുതലാണ്. അർജന്റീനിയൻ ലീഗിൽ കളിക്കുന്നതിനേക്കാൾ യൂറോപ്പിൽ കളിച്ച് മികവ് തെളിയിക്കാൻ കഴിഞ്ഞാൽ അതു സ്‌കലോണിയുടെ ടീമിൽ ഇടം നേടാനുള്ള സാധ്യത എളുപ്പമാക്കും. ലോകകപ്പിനു മുൻപ് യൂറോപ്പിൽ മത്സരങ്ങൾ കളിക്കുന്നത് സാങ്കേതികമായി മെച്ചപ്പെടാനും താരത്തെ സഹായിക്കും.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിരയിലുള്ള താരബാഹുല്യം അൽവാരസിനെ രണ്ടാമതൊന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കസ് റാഷ്‌ഫോർഡ്, മേസൺ ഗ്രീൻവുഡ്‌ എന്നീ താരങ്ങളോട് മത്സരിച്ചു മാത്രമേ അൽവാരസിനു തന്റെ സ്ഥാനം ഉറപ്പിക്കാൻ കഴിയൂ. അതിനാൽ തന്നെ ഇടം ഉറപ്പുള്ള ടീമിലേക്ക് ചേക്കേറുന്നതിനാവും താരം പ്രാധാന്യം നൽകുക.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit