Football in Malayalam

റാല്‍ഫ് റാങ്‌നിക്ക് ആഴ്‌സനലിനെതിരെയുള്ള മത്സരത്തില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡഗ്ഔട്ടിൽ ഉണ്ടാവില്ല

Haroon Rasheed
Man Utd have confirmed Ralf Rangnick won't be in the dugout vs Arsenal
Man Utd have confirmed Ralf Rangnick won't be in the dugout vs Arsenal / RONNY HARTMANN/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകന്‍ റാല്‍ഫ് റാങ്നിക്ക് ആഴ്‌സനലിനെതിരെയുള്ള മത്സരത്തില്‍ ടീമിനൊപ്പമുണ്ടാവില്ല. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ മൈക്കല്‍ കാരിക്ക് തന്നെയാകും മുഖ്യ പരിശീലകന്റെ വേഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡഗൗട്ടിലുണ്ടാവുക. വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാകാത്തത് കാരണമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനൊപ്പം റാങ്നിക്ക് ചേരാൻ വൈകുന്നത്. ഇക്കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച റാങ്നിക്കിനെ സീസൺ അവസാനം വരെയുള്ള കരാറിൽ തങ്ങളുടെ ഇടക്കാല പരിശീലകനായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപിച്ചെങ്കിലും, ആഴ്‌സനലിനെതിരെയുള്ള മത്സരത്തിന് പുറമെ ഞായറാഴ്ച ക്രിസ്റ്റല്‍ പാലസിനെതിരെയുള്ള മത്സരവും റാങ്നിക്കിന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

അതേ സമയം, സോള്‍ഷ്യാറെ പുറത്താക്കിയ ഉടനെ ടീമിന്റെ ചുമതല ഏറ്റെടുത്ത കാരിക്കിന് കീഴില്‍ യുണൈറ്റഡ് അപരാജിതരാണ്. കാരിക്കിന് കീഴിൽചാംപ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താനും, പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ 1-1 ന്റെ സമനില കണ്ടെത്താനും ചുവന്ന ചെകുത്താന്മാർക്ക് കഴിഞ്ഞിരുന്നു. ആഴ്‌സണലിനെതിരെ വിജയം കരസ്ഥമാക്കി അപരാജിത കുതിപ്പ് തുടരാനും, പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ തങ്ങളുടെ നില മെച്ചപ്പെടുത്താനുമാവും കാരിക്കും യുണൈറ്റഡും ലക്ഷ്യമിടുന്നത്.

13 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണിപ്പോള്‍. ഒന്നാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ ഒൻപത് പോയിന്റുകൾക്ക് പിന്നിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ.


facebooktwitterreddit