Football in Malayalam

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ; ആരാധകർ കാത്തിരുന്ന രാജകീയ തിരിച്ചു വരവ്

By Gokul Manthara
Manchester United v Wigan Athletic
Manchester United v Wigan Athletic / Phil Cole/Getty Images
facebooktwitterreddit

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തി. 2003 മുതൽ 2009 വരെ യുണൈറ്റഡിനായി കളിച്ച റൊണാൾഡോ ക്ലബ്ബ് വിട്ട് 12 വർഷങ്ങൾക്ക് ശേഷമാണ് അങ്ങോട്ടേക്ക് വീണ്ടുമെത്തുന്നത്. താരത്തിന്റെ കരാർ കാര്യത്തിൽ യുവന്റസുമായി തങ്ങൾ ധാരണയിലെത്തിയെന്ന് അല്പം മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവന പുറത്ത് വിട്ടതോടെയാണ് ഫുട്ബോൾ ലോകം മുഴുവൻ വലിയ ആകാംക്ഷയോടെ കാത്തിരുന്ന ട്രാൻസ്ഫർ യാഥാർത്ഥ്യമായത്.

2018ൽ റയൽ മാഡ്രിഡിൽ നിന്ന് ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെത്തിയ റൊണാൾഡോക്ക് 2022 ജൂൺ അവസാനം വരെയായിരുന്നു അവരുമായി കരാറുണ്ടായിരുന്നത്. എന്നാൽ കരാറിൽ ഒരു വർഷം ബാക്കി നിൽക്കെ ഇത്തവണത്തെ‌ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാൻ അദ്ദേഹം താല്പര്യപ്പെടുകയായിരുന്നു. റൊണാൾഡോ ക്ലബ്ബ് വിടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമായതോടെ ഫ്രഞ്ച് ക്ലബ്ബായ പിഎസ് ജി അരയും തലയും മുറുക്കി താരത്തെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു. എന്നാൽ അതിനിടെയാണ് ക്ലബ്ബ് ലയണൽ മെസിയെ സ്വന്തമാക്കുന്നത്.

മെസി ടീമിലെത്തിയതോടെ റൊണാൾഡോക്ക് വേണ്ടിയുള്ള നീക്കങ്ങളിൽ നിന്ന് പി എസ് ജി പിന്മാറി.‌ ഇതിന് ശേഷം പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെടുത്തിയായിരുന്നു റൊണാൾഡോയുടെ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ. റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള വ്യക്തിഗത വ്യവസ്ഥകൾ അംഗീകരിച്ചതായും, ക്ലബ്ബിലെ തന്റെ പങ്കിനെക്കുറിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോളയുമായി സംസാരിച്ചതായും അതിനിടെ ഇന്നലെ റിപ്പോർട്ടുകൾ വന്നു. ഇതോടെ താരം സിറ്റിയിലേക്ക് ചേക്കേറിയേക്കുമെന്ന് തന്നെ ആരാധകർ കരുതി.

എന്നാൽ അതിനിടെ ഇന്ന് വൈകിട്ട് താരത്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ വീ‌ണ്ടും ട്വിസ്റ്റ് സംഭവിക്കുകയായിരുന്നു. മാഞ്ചസ്റ്റർ സിറ്റി റൊണാൾഡോക്ക് വേണ്ടിയുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറിയെന്നതായിരുന്നു ഇത്. ഇതിനൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി രംഗത്തെത്തിയെന്നും റിപ്പോർട്ടുകൾ വന്നു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. താരത്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ യുവന്റസുമായി തങ്ങൾ ധാരണയിലെത്തിയെന്ന് കുറച്ച് മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയതോടെ ഇംഗ്ലീഷ് ക്ലബ്ബിലേക്കുള്ള റൊണാൾഡോയുടെ അപ്രതീക്ഷിത തിരിച്ചു വരവ് ഉറപ്പായി.

അതേ സമയം 2003 മുതൽ 2009 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച റൊണാൾഡോ ഈ കാലയളവിൽ മൂന്ന് പ്രീമിയർ ലീഗ്, രണ്ട് ലീഗ് കപ്പ്, ഒന്നു വീതം ചാമ്പ്യൻസ് ലീഗ്, എഫ് എ കപ്പ് എന്നിവയിൽ അവർക്കൊപ്പം മുത്തമിട്ടു. താരം തന്റെ കരിയറിലെ ആദ്യ ബാലൺ ഡി ഓർ നേടിയതും യുണൈറ്റഡിൽ കളിക്കുമ്പോളാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി മൊത്തം 292 മത്സരങ്ങളിൽ കളിച്ച റൊണാൾഡോ 118 ഗോളുകൾ നേടിയതിനൊപ്പം 69 ഗോളുകൾക്ക് വഴിയുമൊരുക്കി‌യിട്ടുണ്ട്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit