Manchester United

ക്രിസ്ത്യൻ എറിക്‌സണെ സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

Haroon Rasheed
Christian Eriksen is now a Manchester United player
Christian Eriksen is now a Manchester United player / Matt Burt | 90min
facebooktwitterreddit

ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ഇനി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം. അല്പം മുന്‍പാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എറികസണെ ടീമിലെത്തിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡെന്‍മാര്‍ക്ക് താരം നേരത്തെ തന്നെ യുണൈറ്റഡില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇപ്പോഴാണ് ചുവന്ന ചെകുത്താന്‍മാര്‍ താരത്തെ സ്വന്തമാക്കിയ കാര്യം സ്ഥിരീകരിച്ചത്.

മൂന്ന് വര്‍ഷത്തെ കരാറില്‍ ഫ്രീ ട്രാന്‍സ്ഫറിലാണ് 30കാരനായ താരത്തെ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്.

"മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു പ്രത്യേക ക്ലബാണ്. ഇവിടെ തുടങ്ങാന്‍ എനിക്ക് കാത്തിരിക്കാനാകില്ല. ഓള്‍ഡ് ട്രാഫോര്‍ഡില്‍ കളിക്കാനുള്ള പ്രിവിലേജ് എനിക്ക് പലതവണ കിട്ടിയിട്ടുണ്ട്. പക്ഷെ യുണൈറ്റഡിന്റെ ചുവന്ന കുപ്പായത്തില്‍ അത് ചെയ്യുന്നത് അതിശയകരമായ അനുഭവമാകും," യുണൈറ്റഡിലേക്ക് ചേക്കേറിയതിന് ശേഷം എറിക്‌സൺ പറഞ്ഞു.

"എനിക്ക് ഗെയിമില്‍ ഇപ്പോഴും വലിയ ആഗ്രഹങ്ങളുണ്ട്. എനിക്ക് ഇനിയും കൂടുതല്‍ നേട്ടങ്ങള്‍ നേടാന്‍ കഴിയും. എന്റെ യാത്ര തുടരാന്‍ പറ്റിയ സ്ഥലമാണിത്," താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ യൂറോ കപ്പിനിടെയുണ്ടായ കാര്‍ഡിയാക് അറസ്റ്റായിരുന്നു താരത്തിന്റെ കരിയറില്‍ കാര്യമായ മാറ്റം വരുത്തിയത്. യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞ് വീണ എറിക്‌സണെ ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു.

പിന്നീട് ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചായിരുന്നു താരം ആശുപത്രി വിട്ടത്. ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിച്ചതാണ് താരത്തിന്റെ കരിയറിന് ബ്രേക്ക് വരാന്‍ കാരണമായത്. ഹൃദയത്തില്‍ ചിപ്പ് ഘടിപ്പിക്കുന്ന താരങ്ങളെ ഇറ്റാലിയന്‍ ലീഗില്‍ കളിപ്പിക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന കാരണത്താല്‍ താരത്തിന്റെ അന്നത്തെ ക്ലബായിരുന്ന ഇന്റര്‍ മിലാനും എറിക്‌സണും തമ്മില്‍ പരസ്പരസമ്മതപ്രകാരം വഴി പിരിയുകയായിരുന്നു.

പിന്നീട് പ്രീമിയര്‍ ലീഗ് ക്ലബായ ബ്രന്റ്‌ഫോര്‍ഡിലാണ് എറിക്‌സണ്‍ എത്തിയത്. എന്നാല്‍ ബ്രന്റ്‌ഫോര്‍ഡിന് വേണ്ടി മികച്ച പ്രകടനം നടത്തിയതോടെ പല പ്രമുഖ ക്ലബുകളും എറിക്‌സണ് മേല്‍ വീണ്ടും കണ്ണുവെച്ച് തുടങ്ങി. ഇതായിരുന്നു യുണൈറ്റഡിലേക്കുള്ള വഴി.


facebooktwitterreddit