ഫ്രങ്കി ഡി യോങ്ങിനെ സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ബാഴ്സലോണ മധ്യനിര താരം ഫ്രെങ്കി ഡി യോങിനെ സ്വന്തമാക്കാമെന്ന ആത്മവിശ്വാസം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനുള്ളതായി 90min മനസിലാക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാൻ താത്പര്യമുണ്ടെന്ന് താരം വ്യക്തമാക്കിയതിന് ശേഷം ഒരാഴ്ചയായി ക്ലബ് അധികൃതര്‍ താരത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്.
ഡി യോങ്ങിനെ അയാക്സില്‍ പരിശീലിപ്പിച്ചിരുന്ന, നിലവിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെന്‍ ഹാഗ് താരവുമായി സംസാരിച്ചിട്ടുണ്ട്. ഇതും താരത്തെ യുണൈറ്റഡിലേക്ക് അടുപ്പിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിവരം. ഡി യോങ്ങുമായി ധാരണയിലെത്തിയതിന് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്സലോണയുമായുള്ള നേരിട്ടുള്ള ചർച്ചകൾ ആരംഭിച്ചത്.
ഡി യോങ്ങിനോട് ബാഴ്സലോണ പരിശീലകൻ സാവി സംസാരിക്കുകയും, ക്ലബിൽ നിലനിറുത്താൻ താത്പര്യമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ടെങ്കിലും, ക്ലബിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ അവർ വിൽപ്പനക്ക് വെക്കുന്ന താരങ്ങളിൽ ഒരാളാണ് ഡി യോങ്.
75 മില്യന്‍ യൂറോയും 10 മില്യന്‍ ആഡ് ഓണും നല്‍കാനാണ് ബാഴ്സലോണ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ആഡ് ഓണ്‍ ഉള്‍പ്പെടെ 70 മില്യന്‍ യൂറോയാണ് യുണൈറ്റഡ് ഓഫര്‍ ചെയ്തിരിക്കുന്നത്.
ജൂണ്‍ ഇന്റര്‍നാഷണല്‍ ബ്രേക്കിന്റെ അവസാനത്തിൽ ഡി യോങ്ങിന്റെ മെഡിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് ഇരു ക്ലബുകളുടെയും പ്രതിനിധികള്‍ 90minനോട് വ്യക്തമാക്കിയിട്ടുണ്ട്. ഉറുഗ്വയ്ന്‍ താരം ഡാര്വിന് നൂനസിനെ സ്വന്തമാക്കുന്നതില്‍ പരാജയപ്പെട്ട യുണൈറ്റഡ് എത്രയും പെട്ടെന്ന് ഡി യോങ്ങിനെ ഓള്‍ഡ് ട്രാഫോര്ഡിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.