മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രങ്കീ ഡി ജോംഗ് ട്രാൻസ്‌ഫർ പൂർത്തിയാക്കുന്നതിനരികെ
By Sreejith N

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്‌സലോണ മധ്യനിര താരമായ ഫ്രെങ്കീ ഡി ജോംഗിനെ സ്വന്തമാക്കുന്നതിലേക്ക് അടുത്തുവന്ന് റിപ്പോർട്ടുകൾ. കാറ്റലൻ ക്ലബിന് താരത്തെ വിൽക്കാൻ താൽപര്യമുണ്ടെന്നും അടുത്തു തന്നെ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ കഴിയുമെന്ന കാര്യത്തിൽ അവർക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും ഗോൾ റിപ്പോർട്ടു ചെയ്യുന്നു.
ഫ്രാങ്കീ ഡി ജോംഗിനു വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യം നൽകിയ അൻപത്തിയൊന്നു മില്യൺ പൗണ്ടിന്റെ ഓഫർ ബാഴ്‌സലോണ നിരസിച്ചിരുന്നു. 86 മില്യൺ യൂറോ താരത്തിനായി വേണമെന്ന് ബാഴ്‌സലോണ ആവശ്യപ്പെട്ടെങ്കിലും 64 മുതൽ 73 മില്യൺ പൗണ്ടിനുള്ളിൽ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ രണ്ടു ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Manchester United are closing in on an agreement with Barcelona for Frenkie de Jong ✍️ pic.twitter.com/Db1ArxYKHy
— GOAL (@goal) June 25, 2022
എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി എത്തുമെന്ന് ഉറപ്പിച്ചതു മുതൽ ഫ്രങ്കീ ഡി ജോംഗിനു വേണ്ടി അവർ ശ്രമം നടത്തിയിരുന്നു. ബാഴ്‌സലോണയിൽ തന്നെ തുടരാനാണ് താൻ താല്പര്യപ്പെടുന്നതെന്ന് ഡി ജോംഗ് വ്യക്തമാക്കിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് അവർ ആഗ്രഹിച്ച താരത്തെ സ്വന്തമാക്കും എന്നു തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എറിക് ടെൻ ഹാഗ് അയാക്‌സ് പരിശീലകനായിരിക്കുമ്പോൾ യൂറോപ്പിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറിയ പ്രകടനം നടത്തിയ താരമാണ് ഫ്രങ്കീ ഡി ജോംഗ്. അതിനു ശേഷം 75 മില്യണിന്റെ ട്രാൻസ്‌ഫറിൽ ബാഴ്‌സലോണയിൽ എത്തിയ താരത്തിന് ശൈലിയിൽ വന്ന മാറ്റം കാരണം ഏറ്റവും മികച്ച പ്രകടനം സ്ഥിരമായി പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ലായിരുന്നു.
ഫ്രങ്കീ ഡി ജോംഗിനെ വിട്ടുകൊടുക്കാൻ പരിശീലകൻ സാവിക്ക് താൽപര്യമില്ലെങ്കിലും ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ അനുകൂലമാക്കിയത്. അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെ എത്തിക്കാൻ ഏതെങ്കിലും ഒരു പ്രധാന താരത്തെ ഒഴിവാക്കേണ്ടത് ബാഴ്‌സലോണക്ക് ആവശ്യമായിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.