അടുത്ത സീസണിൽ പരിശീലകനായി എറിക് ടെൻ ഹാഗിനെ സ്വന്തമാക്കുന്നതിനരികെ മാഞ്ചസ്റ്റർ യുണൈറ്റഡ്


വരാനിരിക്കുന്ന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിക്കാൻ ഡച്ച് ക്ലബായ അയാക്സിന്റെ മാനേജരായ എറിക് ടെൻ ഹാഗെത്തും. ഡച്ച് പരിശീലകനുമായി കരാർ ഒപ്പിടുന്നതിന്റെ തൊട്ടരികിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡെന്നാണ് 90min മായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
മോശം ഫോമിനെ തുടർന്ന് ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയ ഒഴിവിലേക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ഥിരം പരിശീലകനെ തേടുന്നത്. താൽക്കാലിക പരിശീലകനായ റാൾഫ് റാങ്നിക്കിന് ഈ സീസണിൽ ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതിനാൽ അദ്ദേഹം തൽസ്ഥാനത്തു നിന്നും മാറി ക്ലബിന്റെ ഉപദേഷ്ടകനായി ചുമതല ഏറ്റെടുക്കും.
Manchester United are set to finalise the appointment of Erik ten Hag as the club's next manager, sources have told @MarkOgden_ and @RobDawsonESPN. pic.twitter.com/tKv7qXL53g
— ESPN FC (@ESPNFC) April 6, 2022
നേരത്തെ മൗറീസിയോ പോച്ചട്ടിനോയെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായും പരിഗണിച്ചിരുന്നതെങ്കിലും ഇപ്പോൾ ടെൻ ഹാഗിലാണ് അവർക്കു താൽപര്യം. നിലവിലെ പരിശീലകനായ റാൾഫ് റാങ്നിക്കും ഡച്ച് പരിശീലകനെ ടീമിന്റെ ഭാഗമാക്കാൻ പിന്തുണ നൽകുന്നു. അതേസമയം ക്ലബിൽ തന്നെ ഒരു വിഭാഗം പോച്ചട്ടിനോയെ പിന്തുണക്കുന്നുണ്ട്.
ക്ലബിന്റെ ഫുട്ബോൾ ഡയറക്റ്ററായ ജോൺ മർട്ടോയും ഡാരൻ ഫ്ളെച്ചറുമാണ് റിക്രൂട്ട്മെന്റ് പ്രക്രിയകൾ നടത്തുന്നത്. അതിനു ശേഷം പുതിയ ചീഫ് എക്സിക്യൂട്ടീവായ റിച്ചാർഡ് അർണോൾഡ് ഇതിനു അനുമതി നൽകും. ജോൺ മർട്ടോ റാങ്നിക്കുമായി സംസാരിച്ച് നിലവിലെ താരങ്ങൾക്ക് അനുയോജ്യൻ ടെൻ ഹാഗ് ആണെന്ന അഭിപ്രായം സ്വീകരിച്ചാണ് അദ്ദേഹത്തിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത്.
മുൻ പരിശീലകനായ അലക്സ് ഫെർഗുസൺ ഉൾപ്പെടെയുള്ളവർ പോച്ചട്ടിനോയെ പിന്തുണക്കുന്നുണ്ടെങ്കിലും ടെൻ ഹാഗ് തന്നെയാവും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത സീസണിലെ പരിശീലകൻ. ഈ സീസണിൽ അയാക്സിനൊപ്പം ഡബിൾ കിരീടങ്ങൾ നേടാനുള്ള തയ്യാറെടുപ്പിലാണ് ടെൻ ഹാഗ്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.