Football in Malayalam

ഡിബാലയടക്കം രണ്ടു യുവന്റസ് താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നതിന്റെ അരികിലെത്തിയിരുന്നുവെന്ന് ഏജന്റ്

Sreejith N
Paulo Dybala (C) of Juventus FC celebrates after scoring a...
Paulo Dybala (C) of Juventus FC celebrates after scoring a... / Nicolò Campo/GettyImages
facebooktwitterreddit

പൗളോ ഡിബാലയടക്കം രണ്ടു യുവന്റസ് താരങ്ങളെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നതിന്റെ അരികിലെത്തിയിരുന്നുവെന്ന് ചെൽസി താരമായ റൊമേലു ലുക്കാക്കുവിന്റെ ഏജന്റായ ഫെഡറികോ പാസ്റ്ററെല്ലോയുടെ വെളിപ്പെടുത്തൽ. ബെൽജിയൻ സ്‌ട്രൈക്കർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും യുവന്റസിലേക്ക് ചേക്കേറാനും അതിനു പകരം ഡിബാല, മാൻഡ്‌സൂക്കിച്ച് എന്നിവർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്താനും ധാരണയുണ്ടായിരുന്നു എന്നാണു അദ്ദേഹം പറയുന്നത്.

എവർട്ടണിൽ നിന്നും 2017ൽ എഴുപത്തിയഞ്ചു മില്യൺ പൗണ്ടിന്റെ ട്രാൻസ്‌ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ ലുക്കാക്കുവിനു പക്ഷെ ടീമിനൊപ്പം തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് 2019ൽ ബെൽജിയൻ താരം ഇന്റർ മിലാനിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ ലുക്കാക്കു യുവന്റസുമായി കരാർ ധാരണയിൽ എത്തിയിരുന്നുവെന്നാണ് പാസ്റ്ററെല്ലോ പറയുന്നത്.

"മിലാൻ ട്രാൻസ്‌ഫറിനു മുൻപ് ലുക്കാക്കു യുവന്റസിലേക്ക് ചേക്കേറുന്നതിന് ഒരു പടി മാത്രം അകലെയായിരുന്നു എന്നത് സത്യമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ഇന്ററിന്റെ ഡീലിൽ തടസം വരാനുള്ള പ്രധാന കാരണം അവരുടെ ഡിമാൻഡുകൾ ഇന്റർ ചെയർമാന് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു എന്നതു കൊണ്ടാണ്," ടുട്ടോസ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഫെഡറികോ പാസ്റ്ററെല്ലോ പറഞ്ഞു.

"ലുക്കാക്കുവിനു പകരം ഡിബാല, മാൻഡ്‌സൂക്കിച്ച് എന്നിവരെ നൽകാൻ യുവന്റസും ഇംഗ്ലീഷ് ക്ലബും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. സാറി, റൊണാൾഡോ എന്നിവരോട് ലുക്കാക്കു സംസാരിക്കുകയും ചെയ്‌തു. എന്നാൽ ഡിബാലയും മാഞ്ചസ്റ്റർ യുണൈറ്റഡും ധാരണയിൽ എത്താതിനാൽ കരാർ ഒപ്പിട്ടില്ല. ഇന്റർ ഓഫർ ഉയർത്തുകയും ചെയ്‌തു." അദ്ദേഹം വ്യക്തമാക്കി.

ലുക്കാക്കുവിന്റെ ട്രാൻസ്‌ഫർ ഇറ്റാലിയൻ ലീഗിൽ ട്രാൻസ്‌ഫറുകൾ കൈകാര്യം ചെയ്യുന്നതിൽ വലിയ മാറ്റം വരുത്തിയെന്ന അഭിപ്രായവും പാസ്റ്റോറല്ല പ്രകടിപ്പിച്ചു. യുവന്റസിനു പകരം ഇന്ററിലേക്ക് ചേക്കേറിയ ലുക്കാക്കു അവർക്ക് സീരി എ കിരീടം സ്വന്തമാക്കി നൽകിയതിനു ശേഷം ഇക്കഴിഞ്ഞ സമ്മറിലാണ് ചെൽസിയിലേക്ക് തിരിച്ചെത്തിയത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit