Football in Malayalam

റാൾഫ് റാംഗ്നിക്കിന്റെ വരവ് ഹാലൻഡിനെ സ്വന്തമാക്കാൻ തങ്ങളെ സഹായിക്കുമെന്ന വിശ്വാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

Gokul Manthara
Ajax v Borussia Dortmund - Group C - UEFA Champions League
Ajax v Borussia Dortmund - Group C - UEFA Champions League / BSR Agency/GettyImages
facebooktwitterreddit

റാൾഫ് റാംഗ്നിക്ക് പരിശീലകനായെത്തുന്നത് അടുത്ത സമ്മറിൽ എർലിംഗ് ഹാലൻഡിനെ സ്വന്തമാക്കുന്നതിനുള്ള തങ്ങളുടെ സാധ്യതകൾ വർധിപ്പിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നുണ്ടെന്ന് സൂചന. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകനായിരുന്ന ഒലെ ഗുണ്ണാർ സോൾഷെയർ ഹാലൻഡിനെ സ്വന്തമാക്കാൻ ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നയാളാണ്‌. നേരത്തെ 2019 ൽ നോർവീജിയൻ താരത്തെ സ്വന്തമാക്കുന്നതിന് അദ്ദേഹം അടുത്തെത്തിയതാണെങ്കിലും അവസാനം ആ നീക്കം പരാജയപ്പെടുകയായിരുന്നു‌. എന്നാൽ രണ്ട് വർഷങ്ങൾക്ക് മുൻപ് കൈയ്യകലത്ത് വെച്ച് നഷ്ടമായ ഹാലൻഡിനെ അടുത്ത സമ്മറിൽ തങ്ങൾക്ക് സ്വന്തമാക്കാൻ റാംഗ്നിക്കിന്റെ സാന്നിധ്യം സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യുണൈറ്റഡിന്റെ അധികാരികൾ.

നിലവിൽ ലോകഫുട്ബോളിലെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളിലൊരാളായ ഹാലൻഡിന് അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വൻ ഡിമാൻഡുണ്ടാകുമെന്നാണ് സൂചനകൾ. അതേ സമയം ഡോർട്ട്മുണ്ടുമായി 2024 വരെ കരാറുള്ള ഹാലൻഡിന് അടുത്ത സമ്മറിൽ 63 മില്ല്യൺ പൗണ്ടായിരിക്കും വിലയെന്നാണ് സൺഡേ മിറർ റിപ്പോർട്ട് ചെയ്യുന്നത്. താരവുമായും, അദ്ദേഹത്തിന്റെ പിതാവായ ആൽഫ് ഇഞ്ചുമായും റാൾഫ് റാംഗ്നിക്കിന് മികച്ച ബന്ധമുണ്ടെന്നും, അത് കൊണ്ടു തന്നെ ഓൾഡ് ട്രാഫോഡിലേക്ക് ചേക്കേറുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിക്കാ‌ൻ റാംഗ്നിക്കിന് കഴിയുമെന്ന് യുണൈറ്റഡ് വിശ്വസിക്കുന്നുണ്ടെന്നും സൺഡേ മിററിന്റെ റിപ്പോർട്ടിൽ പറയുന്നു‌‌.

കഴിഞ്ഞ വർഷം ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തുന്നതിന് മുൻപ് ഓസ്ട്രിയൻ ക്ലബ്ബായ റെഡ്ബുൾ സാൽസ്ബർഗിന്റെ കളികാരനായിരുന്നു എർലിംഗ് ഹാലൻഡ്. നോർവീജിയൻ ക്ലബ്ബായ മോൾഡെയിൽ നിന്ന് ഹാലൻഡ് സാൾസ്ബർഗിലേക്ക് വരുന്ന സമയത്ത് ക്ലബ്ബിന്റെ ഫുട്ബോൾ ഡയറക്ടറായിരുന്നു റാംഗ്നിക്ക്.‌ അന്ന് മുതൽ ഹാലൻഡുമായി മികച്ച ബന്ധം റാംഗ്നിക്കിനുണ്ട്. ഈ ബന്ധം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താരത്തെയെത്തിക്കാൻ സഹായിക്കുമെന്ന് ക്ലബ്ബിന്റെ ആരാധകരും വിശ്വസിക്കുന്നുണ്ട്.

അതേ സമയം നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ താരങ്ങളിലൊരാളായ ഹാലൻഡ് പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. ക്ലബ്ബ് കരിയറിൽ ഇതിനോടകം 164 മത്സരങ്ങൾ കളിച്ചു കഴിഞ്ഞ ഈ ഇരുപത്തിയൊന്നുകാരൻ 120 ഗോളുകൾ അടിച്ചു കൂട്ടിയതിനൊപ്പം 32 അസിസ്റ്റുകളും സ്വന്തമാക്കിക്കഴിഞ്ഞു. പോയ വർഷം ബൊറൂസിയ ഡോർട്ട്മുണ്ടിലെത്തിയതിന് ശേഷം ഫോമിന്റെ അടുത്ത തലത്തിലേക്ക് ഉയർന്ന ഹാലൻഡ് 70 മത്സരങ്ങളിൽ നിന്ന് 71 ഗോളുകളാണ് അവർക്കായി നേടിയിട്ടുള്ളത്.

facebooktwitterreddit