താരങ്ങളുടെ അതിരുവിട്ട പെരുമാറ്റം, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടപടിയെടുക്കാൻ ഇംഗ്ലീഷ് എഫ്എ


ബ്രൈറ്റനെതിരെ നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ടീമിലെ താരങ്ങൾ അച്ചടക്കമില്ലാതെ പെരുമാറിയെന്നതിന്റെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ നടപടിക്കൊരുങ്ങുന്നു. മത്സരത്തിൽ ആന്തണി എലാങ്കയെ ബ്രൈറ്റൻ താരമായ ലൂയിസ് ഡങ്ക് ലാസ്റ്റ് മാൻ ഫൗൾ ചെയ്തതിനു റഫറി മഞ്ഞക്കാർഡ് മാത്രം നൽകിയ നടപടിക്കെതിരെ നടത്തിയ പ്രതിഷേധത്തിനാണ് നടപടി .
അൻപത്തിമൂന്നാം മിനുട്ടിലാണ് സംഭവം നടക്കുന്നത്. പന്തുമായി കുതിക്കുകയായിരുന്ന എലാങ്കയെ ബോക്സിന്റെ പുറത്തു വെച്ചാണ് ലൂയിസ് ഡങ്ക് ഫൗൾ ചെയ്തത്. ലാസ്റ്റ് മാൻ ഫൗൾ ആയിരുന്നിട്ടും റഫറി താരത്തിനു നേരെ മഞ്ഞക്കാർഡ് മാത്രം ഉയർത്തിയതിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ശക്തമായി പ്രതിഷേധിച്ചു. ഇതിന്റെ പരിധി വിട്ടപ്പോൾ ബ്രൂണോ ഫെർണാണ്ടസിനു നേരെ റഫറി മഞ്ഞക്കാർഡ് ഉയർത്തുകയും ചെയ്തിരുന്നു.
BREAKING: Manchester United have been charged by the FA following an incident in last night’s Premier League game against Brighton pic.twitter.com/oq47aB3KrX
— Sky Sports News (@SkySportsNews) February 16, 2022
പിന്നീട് വീഡിയോ റഫറി നടത്തിയ പരിശോധനയിൽ ഡങ്കിനു ചുവപ്പു കാർഡ് നൽകാനുള്ള തീരുമാനം ഉണ്ടായെങ്കിലും എഫ്എയുടെ ഇ20.1 നിയമം മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ലംഘിച്ചുവെന്ന് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രസ്തുത സംഭവത്തിൽ വിശദീകരണം നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഫെബ്രുവരി 21, തിങ്കളാഴ്ച വരെ എഫ്എ സമയവും നൽകിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിശദീകരണം കേട്ടതിനു ശേഷം ഇക്കാര്യത്തിലുള്ള നടപടി ഇംഗ്ലീഷ് എഫ്എ പ്രഖ്യാപിക്കും. എന്നാൽ അതു വ്യക്തമായൊരു ഗോൾസ്കോറിങ് അവസരമല്ലായിരുന്നു എന്നും ചുവപ്പുകാർഡ് നൽകിയ നടപടി തെറ്റാണെന്നുമാണ് മത്സരത്തിനു ശേഷം ബ്രൈറ്റൻ മാനേജർ പോട്ടർ പറഞ്ഞത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.