സിമോൺ ഇൻസാഗിയെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ വേണ്ടി സമീപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Simone Inzaghi, head coach of FC Internazionale, gestures...
Simone Inzaghi, head coach of FC Internazionale, gestures... / Nicolò Campo/GettyImages
facebooktwitterreddit

ക്ലബിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കാൻ ഇന്റർ മിലാൻ കോച്ചായ സിമോൺ ഇൻസാഗിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപിച്ചുവെന്നു റിപ്പോർട്ടുകൾ. ഒലെ ഗുണ്ണാർ സോൾഷെയറെ പുറത്താക്കിയ ഒഴിവിൽ താൽക്കാലിക പരിശീലകനായി ചുമതല ഏറ്റെടുത്ത റാൾഫ് റാങ്നിക്ക് ഈ സീസണു ശേഷം ക്ലബിന്റെ ഉപദേശകവേഷത്തിലേക്ക് മാറുമെന്നിരിക്കെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറ്റാലിയൻ പരിശീലകനെ സമീപിച്ചത്.

നേരത്തെ മൗറീസിയോ പോച്ചട്ടിനോ, എറിക് ടെൻ ഹാഗ്, ബ്രെണ്ടൻ റോജേഴ്‌സ് എന്നിവരെയാണ് പരിശീലകസ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രധാനമായും പരിഗണിക്കുന്നതെന്ന റിപ്പോർട്ടുകൾ ശക്തമായിരുന്നെങ്കിലും ഇറ്റാലിയൻ മാധ്യമമായ കൊറേറോ ഡെല്ലോ സ്പോർട്ട് പുറത്തു വിടുന്നതു പ്രകാരം സിമോൺ ഇൻസാഗിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സ്ഥാനം ഏറ്റെടുക്കാൻ വേണ്ടി സമീപിച്ചിട്ടുണ്ട്.

നിരവധി വർഷങ്ങൾക്കു ശേഷം ഇന്റർ മിലാന് സീരി എ കിരീടം നേടിക്കൊടുത്തതിനു പിന്നാലെ പരിശീലകസ്ഥാനം ഒഴിഞ്ഞ അന്റോണിയോ കോണ്ടേക്ക് പകരക്കാരനായാണ് ഇൻസാഗി ഇറ്റാലിയൻ ക്ലബിലെത്തുന്നത്. അദ്ദേഹത്തിനു കീഴിൽ സീരി എയിൽ മികച്ച പ്രകടനം നടത്തുന്ന ഇന്റർ മിലാനാണ് രണ്ടാം സ്ഥാനത്തുള്ള എസി മിലാനെക്കാൾ ഒരു മത്സരം കുറവു കളിച്ച് ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

ഈ സീസണിൽ മോശം പ്രകടനം നടത്തുന്ന അത്ലറ്റികോ മാഡ്രിഡിൽ നിന്നും ഡീഗോ സിമിയോണി പുറത്തു പോയാൽ പകരക്കാരനായി സിമോൺ ഇൻസാഗിയെ സ്‌പാനിഷ്‌ ക്ലബ് നോട്ടമിടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം അദ്ദേഹത്തിനു വേണ്ടി ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ 2025 വരെയുള്ള പുതിയ കരാർ നൽകാൻ ഒരുങ്ങുകയാണ് ഇന്റർ മിലാൻ.

ഈ സീസണിൽ നിലവിലെ പ്രകടനത്തിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു പോയില്ലെങ്കിൽ റാൾഫ് റാങ്നിക്ക് അടുത്ത സീസണിൽ പരിശീലകസ്ഥാനത്ത് ഉണ്ടാകില്ലെന്നത് തീർച്ചയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡിന് പോച്ചട്ടിനോ പരിശീലകനായി എത്തണമെന്ന താൽപര്യമാണ് ഉള്ളതെന്നും അതേസമയം റാങ്നിക്ക് എറിക് ടെൻ ഹാഗിലാണ് താൽപര്യമെന്നും ലെ [പാരീസിയൻ വെളിപ്പെടുത്തുന്നു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.