Football in Malayalam

പുതിയ ഇടക്കാല പരിശീലകനായി റാൽഫ് റാങ്നിക്കിനെ നിയമിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Ali Shibil Roshan
Ralf Rangnick has been appointed as Man Utd's interim manager
Ralf Rangnick has been appointed as Man Utd's interim manager / RONNY HARTMANN/GettyImages
facebooktwitterreddit

മോശം ഫോമിനെ തുടർന്ന് ഒലെ ഗുണ്ണാർ സോൾഷെയറെ പരിശീലകസ്ഥാനത്ത് നിന്ന് പുറത്താക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, സീസൺ അവസാനം വരെയുള്ള കരാറിൽ റാൽഫ് റാങ്നിക്കിനെ തങ്ങളുടെ പുതിയ ഇടക്കാല പരിശീലകനായി നിയമിച്ചു. ഔദ്യോഗിക പ്രസ്താവനയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

63കാരനായ റാങ്നിക്ക് റഷ്യൻ ക്ലബായ ലോക്കോമോട്ടീവ് മോസ്കോയുടെ ഹെഡ് ഓഫ് സ്പോർട്സ് & ഡെവലപ്മെന്റ് സ്ഥാനം ഒഴിഞ്ഞാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകുന്നത്.

മെയ് അവസാനം വരെയുള്ള പരിശീലക കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയ റാങ്നിക്കിന് അതിന് ശേഷം ക്ലബിൽ രണ്ട് വർഷത്തെ കൺസൾട്ടൻസി ചുമതലയും ഉണ്ടാവും.

ഗെഗെൻപ്രെസ്സിങ്ങിന്റെയും ആധുനിക കോച്ചിങ്‌ന്റെയും ഗോഡ്ഫാദറായി വിശേഷിക്കപ്പെടുന്ന റാങ്നിക്ക്, ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്, ചെൽസി പരിശീലകൻ തോമസ് ട്യൂഷൽ, ബയേൺ മ്യൂണിക്ക് പരിശീലകൻ ജൂലിയൻ നാഗേൽസ്മാൻ എന്നിവരെ ഏറെ സ്വാധീനിച്ചിട്ടുള്ള വ്യക്തി കൂടിയാണ്.

ഹാന്നോവർ, ഷാൽക്കെ, ആർബി ലെപ്‌സിഗ്, ഹോഫൻഹൈം ഉൾപ്പെടെയുള്ള നിരവധി ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള റാങ്നിക്ക്, പരിശീലകൻ എന്ന നിലയിൽ 2011ൽ ഷാൽക്കെയെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെയെത്തിച്ചിട്ടുമുണ്ട്. 1997 മുതൽ 1999 വരെ ഉൽമ് 1846ന്റെ പരിശീലകനായിരുന്ന റാങ്നിക്ക്, ഈ കാലഘട്ടത്തിൽ അവരെ ജർമനിയിലെ നാലാം ഡിവിഷനിൽ നിന്ന് ബുണ്ടസ്‌ലീഗയിലേക്ക് നയിച്ചെന്ന ഖ്യാതി ഉള്ളയാളാണ്.

2001-2002 സീസണിൽ ഹാനോവർ 96നെ ജർമൻ രണ്ടാം ഡിവിഷനിൽ നിന്ന് ബുണ്ടസ്‌ലീഗയിലേക്ക് നയിച്ചതും, ജർമൻ മൂന്നാം ഡിവിഷനിൽ കിടന്നിരുന്ന ഹോഫൻഹൈമിനെ ബുണ്ടസ്‌ലീഗയിലേക്ക് എത്തിച്ചതും റാങ്നിക്കിന്റെ പരിശീലക കരിയറിലെ പ്രധാന നേട്ടങ്ങളാണ്.

ആർബി ലെപ്‌സിഗ്, ആർബി സാൽസ്ബർഗ് എന്നീ ക്ലബുകളുടെ ഡയറക്ടർ ഓഫ് ഫുട്ബോൾ ആയും റാങ്നിക്ക് പ്രവർത്തിച്ചിട്ടുണ്ട്. റാങ്നിക്ക് ആ സ്ഥാനം വഹിച്ചിരുന്നപ്പോഴാണ് ലെപ്‌സിഗ് ജർമനിയിലെ നാലാം ഡിവിഷനിൽ നിന്നും ബുണ്ടസ്ലീഗയിലേക്ക് ഉയർന്ന് വന്നത്.


facebooktwitterreddit