ആന്തണി മാർഷ്യൽ സെവിയ്യയിലേക്ക്, ട്രാൻസ്‌ഫർ അംഗീകരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
By Sreejith N

മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നേറ്റനിര താരമായ ആന്തണി മാർഷ്യൽ ഈ സീസൺ അവസാനിക്കുന്നതു വരെ സ്‌പാനിഷ് ക്ലബായ സെവിയ്യയിൽ കളിക്കും. താരത്തിന്റെ ലോൺ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡും സെവിയ്യയും തമ്മിൽ ധാരണയിൽ എത്തിയതായി പ്രമുഖ കായികമാധ്യമമായ ഗോളിന്റെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.
മാർഷ്യലിനു വേണ്ടി സെവിയ്യ ആദ്യം നൽകിയ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിഷേധിച്ചിരുന്നു. എന്നാലിപ്പോൾ രണ്ടു ക്ലബുകളും തമ്മിൽ താരവുമായി ബന്ധപ്പെട്ട ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. യുവന്റസും മാർഷ്യലിനു വേണ്ടി രംഗത്തുണ്ടായിരുന്നെങ്കിലും ഫ്രഞ്ച് താരം സെവിയ്യക്കാണ് മുൻഗണന നൽകിയത്.
Manchester United and Sevilla have agreed on a deal for Anthony Martial, reports @FabrizioRomano pic.twitter.com/AnhMSR8omC
— B/R Football (@brfootball) January 24, 2022
ഈ സീസണിൽ ആകെ രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ അവസരം ലഭിച്ചിട്ടുള്ള മാർഷ്യൽ ഡിസംബറിൽ തന്നെ ക്ലബ് വിടാനുള്ള ആഗ്രഹം പരിശീലകനായ റാങ്നിക്കിനോട് വെളിപ്പെടുത്തിയിരുന്നു. ഇതു ചില തെറ്റിധാരണകൾക്ക് ഇട വരുത്തുകയും ആസ്റ്റൺ വില്ലക്കെതിരെ നടന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ പോലും താരത്തെ ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ എത്തിക്കുകയും ചെയ്‌തു.
താരത്തിനായി സെവിയ്യ നൽകിയ ഓഫർ മാഞ്ചസ്റ്റർ യുണൈറ്റഡ് നിഷേധിക്കാൻ കാരണം ഫീസ് സംബന്ധമായി ധാരണയിൽ എത്താത്തതിനെ തുടർന്നായിരുന്നു. ലോൺ ഫീസായി അഞ്ചു മില്യൺ യൂറോയും മാർഷ്യലിന്റെ മുഴുവൻ വേതനവും സെവിയ്യ നൽകണം എന്ന് യുണൈറ്റഡ് ആവശ്യപ്പെട്ടപ്പോൾ വേതനത്തിന്റെ പകുതി മാത്രമേ നൽകാൻ കഴിയൂവെന്നാണ് സ്‌പാനിഷ് ക്ലബ് പറഞ്ഞത്.
റിപ്പോർട്ടുകൾ പ്രകാരം തന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കാൻ മാർഷ്യൽ തയ്യാറായതാണ് ട്രാൻസ്‌ഫർ പൂർത്തിയാകുന്നതിനു വഴിയൊരുക്കിയത്. ലാ ലിഗയിൽ റയലിനെ പിന്നിലാക്കി കിരീടം നേടാനുള്ള തങ്ങളുടെ ശ്രമങ്ങൾക്ക് മാർഷ്യൽ കരുത്തു പകരും എന്നാണു സെവിയ്യ പ്രതീക്ഷിക്കുന്നത്.
നിലവിൽ സ്‌പാനിഷ് ലീഗിൽ ഇരുപത്തിരണ്ടു മത്സരങ്ങളിൽ നിന്നും അമ്പതു പോയിന്റുകൾ നേടി റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും 46 പോയിന്റാണ് സെവിയ്യക്കുള്ളത്. ഈ സീസണിലെ ലീഗ് കിരീടപ്പോരാട്ടത്തിൽ റയലിന് സെവിയ്യ മാത്രമാണ് കാര്യമായ ഭീഷണി ഉയർത്തുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.