ലീപ്സിഗ് മധ്യനിരതാരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺ മ്യൂണിക്കും ശ്രമം നടത്തുന്നു


ഈ സമ്മറിൽ ജർമൻ ക്ലബായ ആർബി ലീപ്സിഗ് വിടാൻ തയ്യാറെടുക്കുന്ന ഓസ്ട്രിയൻ മധ്യനിര താരമായ കോൺറാഡ് ലൈമറെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനും ബയേൺ മ്യൂണിക്കിനും താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകൾ. 2023ൽ കരാർ അവസാനിക്കുന്ന ലെയ്മർ അത് പുതുക്കാത്ത സാഹചര്യത്തിൽ താരത്തെ വിൽക്കാൻ തന്നെയാണ് ലീപ്സിഗിനും താൽപര്യം.
സ്കൈ സ്പോർട്ട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇരുപത്തിയഞ്ചു വയസുള്ള താരത്തിനായി വരുന്ന ഓഫറുകൾ ലീപ്സിഗ് പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വർഷം മാത്രം കരാർ ബാക്കിയുള്ള താരത്തെ സ്വന്തമാക്കാൻ മുപ്പതു മില്യൺ യൂറോയാണ് ക്ലബുകൾ നൽകേണ്ടതെന്നും ജർമൻ ക്ലബ് വ്യക്തമാക്കുന്നു.
കഴിഞ്ഞ സീസണിൽ നാൽപ്പത്തിമൂന്നു മത്സരങ്ങളിൽ ലീപ്സിഗിനു വേണ്ടി കളിക്കാനിറങ്ങിയ ലൈമർ അഞ്ചു ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഈ പ്രകടനമാണ് ബയേൺ മ്യൂണിക്കിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റേയും ശ്രദ്ധയാകര്ഷിച്ചത്.
ബയേൺ മ്യൂണിക്കിനാണ് ലൈമറെ സ്വന്തമാക്കാൻ കൂടുതൽ താൽപര്യമെങ്കിലും അതിനെ അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഡി ജോംഗ് ട്രാൻസ്ഫർ എവിടെയും എത്തിയിട്ടില്ലെന്നിരിക്കെ ഒരു മധ്യനിര താരത്തെ ടീമിന്റെ ഭാഗമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ട്.
വിവിധ പൊസിഷനുകളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നതും ലൈമറിൽ ഈ ക്ലബുകൾക്ക് താല്പര്യമുണ്ടാവാൻ കാരണമായിട്ടുണ്ട്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെന്നതിനാൽ ലൈമർ ബയേൺ മുന്നോട്ടു വെക്കുന്ന ഓഫർ സ്വീകരിക്കാനാണ് സാധ്യത കൂടുതൽ.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.