Football in Malayalam

പൊച്ചറ്റീനോയിലേക്കുള്ള വഴിയടഞ്ഞാല്‍ അയാക്‌സ് പരിശീലകനെ സമീപിക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്

Haroon Rasheed
RKC Waalwijk v Ajax - Dutch Eredivisie
RKC Waalwijk v Ajax - Dutch Eredivisie / BSR Agency/GettyImages
facebooktwitterreddit

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോള്‍ മികച്ചൊരു സ്ഥിരപരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. പ്രീമിയര്‍ ലീഗിലെ മോശം പ്രകടനം കാരണം രണ്ടാഴ്ച മുന്‍പാണ് യുണൈറ്റഡിന്റെ നോര്‍വീജിയന്‍ പരിശീലകന്‍ ഓലെ ഗുണ്ണാര്‍ സോള്‍ഷ്യാറുടെ തൊപ്പി തെറിച്ചത്. അതിന് ശേഷമാണ് മികച്ചൊരു പരിശീലകനെതേടി യുണൈറ്റഡ് അലച്ചില്‍ തുടങ്ങിയത്. സീസൺ അവസാനം വരെയുള്ള കരാറിൽ ഇടക്കാല പരിശീലകനായി റാൽഫ് റാങ്നിക്ക് വരുന്നുണ്ടെങ്കിലും, അടുത്ത സ്ഥിരപരിശീലകൻ ആരെന്ന കാര്യത്തിൽ ഇത് വരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല.

പിഎസ്‌ജി പരിശീലകനായ മൗറിസിയോ പൊച്ചറ്റീനോയാണ് തങ്ങളുടെ അടുത്ത സ്ഥിരപരിശീലകനെ കണ്ടെത്താൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാക്കിയ പട്ടികയിൽ മുന്നിലുള്ളതെന്ന് 90min മനസിലാക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പി.എസ്.ജിയുടെ സ്‌പോര്‍ടിങ് ഡയറക്ടറായ ലിയനാര്‍ഡോ പൊച്ചറ്റീനോയുടെ പ്രകടനത്തില്‍ ക്ലബ് തൃപ്തരാണെന്നും അദ്ദേഹത്തെ വിടാന്‍ ക്ലബ് ഒരുക്കമെല്ലും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം പി.എസ്.ജിയില്‍ നിന്ന് പൊച്ചറ്റീനോയെ ലഭിക്കുന്നില്ലെങ്കില്‍ അയാക്‌സ് പരിശീലകനായ എറിക് ടെന്‍ ഹാഗിനെയാകും യുണൈറ്റഡ് തങ്ങളുടെ അടുത്ത സ്ഥിരപരിശീലകനായി ലക്ഷ്യം വെക്കുക.

2023വരെ അയാക്‌സില്‍ കരാറുള്ള ടെൻ ഹാഗിന് 21/22 സീസണിന് ശേഷം യുണൈറ്റഡിലേക്ക് വരാൻ താത്പര്യമുണ്ടെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. യുണൈറ്റഡിലേക്ക് ചേക്കേറാൻ ടെൻ ഹാഗ് ആഗ്രഹിക്കുകയാണെങ്കിൽ, അയാക്സ് അതിന് തടസ്സം നിൽക്കാൻ സാധ്യത കുറവാണെന്ന് ഡെയിലി മെയിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അയാക്‌സുമായി യുണൈറ്റഡിന് നല്ല ബന്ധമാണുള്ളതെന്ന് ഇതിനോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്.


facebooktwitterreddit