ടൈറൽ മലാസിയയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഫെയ്നൂർദുമായി ധാരണയിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്
By Vaisakh. M

ഡച്ച് ലെഫ്റ്റ്-ബാക്ക് ടൈറൽ മലാസിയയെ സ്വന്തമാക്കാൻ ട്രാൻസ്ഫർ ഫീയുടെ കാര്യത്തിൽ ഫെയ്നൂർദുമായി ധാരണയിലെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ താരവുമായി ഇത് വരെ വ്യക്തിഗത നിബന്ധനകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയിട്ടില്ല. അത് കൂടി പൂർത്തിയായാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ സൈനിങ്ങുകളിൽ ഒന്നാകും മലാസിയ.
ഫെയ്നൂർദ് അക്കാദമിയുടെ വളർന്ന വന്ന മലാസിയ ഇതിനോടകം ഹോളണ്ടിനായി അഞ്ചു മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരമാണ്. ആഴ്ചകളായി ഫ്രഞ്ച് ക്ലബ്ബായ ലിയോൺ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുകയും, ആ നീക്കം പൂർത്തികരിക്കുന്നതിന് അടുത്തെത്തുകയും ചെയ്‌തു. അതിനിടെയാണ് താരത്തിനായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രംഗപ്രവേശനം.
താരത്തെ സ്വന്തമാക്കാൻ ഫെയ്നൂർദുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയതായി ദി അത്‌ലറ്റിക്ക് റിപ്പോർട്ട് ചെയ്യുന്നു. ട്രാൻസ്‌ഫർ ഫീയായി 15 മില്യൺ യൂറോയും, ആഡ്-ഓണുകളിലായി രണ്ട് മില്യൺ യൂറോ വരെയും നൽകാമെന്നാണ് ഫെയനൂർദുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ധാരണയിലെത്തിയിട്ടുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡുമായി ധാരണയിലെത്തിയെന്ന കാര്യം ഫെയ്നൂർദിന്റെ ഡയറക്ടർ ഫ്രാങ്ക് ആർനെസൻ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, യുണൈറ്റഡിലേക്ക് ചേക്കേറാണോ വേണ്ടയോ എന്ന കാര്യത്തിലെ തീരുമാനം ഇപ്പോഴും മലാസിയയുടെ കയ്യിലാണെന്നും അദ്ദേഹം വ്യക്തമാക്കി. "കരാർ തയ്യാറായിട്ടുണ്ട്. ഞങ്ങൾ ഇപ്പോൾ ടൈറലിനായി കാത്തിരിക്കുകയാണ്. അതെ എന്ന് അവൻ പറഞ്ഞാൽ, മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള ഒരു ട്രാൻസ്ഫർ ആസന്നമാണ്," ആർനെസൻ വ്യക്തമാക്കി.