കൂട്ടിയും കിഴിച്ചും പിറകിലേക്ക് വളര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

എത്ര കണക്ക് കൂട്ടിയാലും തെറ്റുന്നതായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഈ സീസണിലെ കണക്കുകള്‍. എഫ്.എ കപ്പ്, ഇ.എഫ്.എല്‍ കപ്പ്, ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് എന്നിവയിലെല്ലാം കണക്ക് കൂട്ടലുകള്‍ തെറ്റിയ യുണൈറ്റഡ് ഭാഗ്യം കൊണ്ട് മാത്രമാണ് പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പ്രീമിയര്‍ ലീഗിലെ 38 മത്സരത്തില്‍ 16 മത്സരങ്ങളിൽ മാത്രം ജയിച്ച യുണൈറ്റഡ് നിര്‍ണായക സമയത്തെല്ലാം തോല്‍ക്കുകയായിരുന്നു ചെയ്തത്. 12 മത്സരങ്ങളിൽ തോല്‍ക്കുകയും പത്ത് മത്സരങ്ങൾ സമനിലയില്‍ കലാശിക്കുകയും ചെയ്തു.
മോശം പ്രകടനത്തെ തുടർന്ന് ഒലെ ഗുണ്ണാർ സോൾഷെയറെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും, കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാൻ ഇടക്കാല പരിശീലകനായി സ്ഥാനമേറ്റെടുത്ത റാൽഫ് റാങ്നിക്കിന് കഴിഞ്ഞില്ല. റാങ്നിക്ക് ഒരുപാട് പദ്ധതികളോടെയായിരുന്നു യുണൈറ്റഡിനെ പരിശീലിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തുടക്കത്തില്‍ ഏതാനും മത്സരങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിച്ചു എന്നല്ലാതെ കാര്യമായ നേട്ടം റാങ്നിക്കിന് കീഴില്‍ യുണൈറ്റഡ് നേടിയില്ല.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോള്‍ പോഗ്ബ, ബ്രൂണോ ഫെര്‍ണാണ്ടസ്, ജേഡന്‍ സാഞ്ചോ, ഡേവിഡ് ഡി ഹിയ തുടങ്ങി ലോകോത്തര നിരയുണ്ടായുന്ന യുണൈറ്റഡിന്റെ സീസണിലെ നേട്ടങ്ങള്‍ വട്ടപ്പൂജ്യമാണ്.
ഗോൾകീപ്പർ ഡി ഹിയയുടെയും, കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ റൊണാൾഡോയുടെയും പ്രകടനങ്ങൾ മാത്രമായിരുന്നു പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നത്. ടീമിന്റെ വളര്‍ച്ച താഴോട്ടായിരുന്നെങ്കിലും ലഭിച്ച അവസരം മുതലാക്കി കൂടുതല്‍ ഗോളുകളും കരിയറില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനും റൊണാൾഡോക്ക് കഴിഞ്ഞു.
യുണൈറ്റഡിലെത്തിയതിന് ശേഷമുള്ള ആദ്യ രണ്ട് സീസണില്‍ ചുവന്ന ചെകുത്താന്മാരുടെ നട്ടെല്ലായിരുന്നു ബ്രൂണോ ഫെര്‍ണാണ്ടസിനും തൊട്ടതെല്ലാം പിഴച്ച സീസണായിരുന്നു കഴിഞ്ഞു പോയത്. കളിയില്‍ ഏറ്റവും പെര്‍ഫക്ടായി തീരുമാനമെടുക്കുന്ന പോഗ്ബക്കും ഈ സീസണില്‍ യുണൈറ്റഡിന് വേണ്ടി കാര്യമായി ഒന്നും ചെയ്യന്‍ കഴിഞ്ഞിട്ടില്ല. പരുക്കും ഫോമില്ലായ്മയും കാരണം പലപ്പോഴും പോഗ്ബക്ക് യുണൈറ്റഡിനെ സഹായിക്കാന്‍ കഴിയാതിരിന്നു.
സീസണിലെ അവസാന മത്സരത്തില്‍ പോലും യുണൈറ്റഡിന് ജയിക്കാന്‍ കഴിഞ്ഞില്ല. ഏഴാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റ് ഹാമിനെ ബ്രൈറ്റണ് പരാജയപ്പെടുത്തി എന്നത് കൊണ്ട് മാത്രം യൂറോപ്പ ലീഗിന് യോഗ്യത നേടാൻ ചുവന്ന ചെകുത്താന്മാർക്ക് കഴിഞ്ഞു. വെസ്റ്റ് ഹാം ബ്രൈറ്റണെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ കോൺഫറൻസ് ലീഗിൽ കളിക്കേണ്ടി വന്നേനെ യുണൈറ്റഡിന്.
ക്ലബിന്റെ പുതിയ പരിശീലകനായി എറിക് ടെൻ ഹാഗ് ചുമതലയേറ്റിട്ടുണ്ട്. ടീമിനെ വീണ്ടും ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാക്കുക എന്ന ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. അത് ഒരു സീസൺ കൊണ്ട് സംഭവിക്കുമെന്ന് കരുതേണ്ട. എങ്കിലും വരുന്ന സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം.