Football in Malayalam

എൺപതു മില്യൺ യൂറോക്ക് അത്ലറ്റികോ മാഡ്രിഡ് താരത്തെ സ്വന്തമാക്കാനൊരുങ്ങി‌ മാഞ്ചസ്റ്റർ യുണൈറ്റഡ്

Sreejith N
Atletico Madrid v FC Bayern Muenchen: Group A - UEFA Champions League
Atletico Madrid v FC Bayern Muenchen: Group A - UEFA Champions League / Gonzalo Arroyo Moreno/Getty Images
facebooktwitterreddit

അത്ലറ്റികോ മാഡ്രിഡിന്റെ മധ്യനിര താരമായ മാർക്കോസ് ലോറന്റോയെ സ്വന്തമാക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. സിദാന്റെ പദ്ധതികളിൽ ഇടമില്ലാത്തതു കൊണ്ട് റയൽ മാഡ്രിഡ് വിട്ട് അത്ലറ്റികോ മാഡ്രിഡിലേക്ക് ചേക്കേറിയ താരത്തിന് വേണ്ടി എൺപതു മില്യൺ യൂറോയുടെ വാഗ്ദാനമാണ് അത്ലറ്റികോ മാഡ്രിഡിന് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെക്കുന്നതെന്ന് സ്‌പാനിഷ്‌ മാധ്യമമായ എഎസ് വെളിപ്പെടുത്തുന്നു. നിലവിൽ ലഭിക്കുന്നതിന്റെ ഇരട്ടി പ്രതിഫലവും സ്പാനിഷ് താരത്തിന് ചുവന്ന ചെകുത്താന്മാർ വാഗ്ദാനം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ലോറന്റെയെ വിൽക്കാൻ യാതൊരു പദ്ധതിയും അത്ലറ്റികോ മാഡ്രിഡിനില്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ സ്‌പാനിഷ്‌ ക്ലബ്ബിനെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. കോവിഡ് മഹാമാരി മൂലം സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനും ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തായതു കണക്കാക്കി അടുത്ത സീസണിൽ ടീമിനെ കെട്ടിപ്പടുക്കാനും ഈ തുക ക്ലബ്ബിനെ സഹായിക്കുമെന്നതാണ് അത്ലറ്റികോ മാഡ്രിഡിന്റെ താൽപര്യം വർദ്ധിപ്പിക്കുന്നത്.

കഴിഞ്ഞ വിന്റർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ മാർക്കോസ് ലോറന്റോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താല്പര്യം പ്രകടിപ്പിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും താരത്തിന് അത്ലറ്റികോ മാഡ്രിഡ് വിടാൻ യാതൊരു താല്പര്യവും ഇല്ലായിരുന്നു. സ്പെയിനിൽ പുതിയ വീട് നിർമിച്ച താരം കോവിഡ് പ്രതിസന്ധി സമയത്ത് ശമ്പളം കുറക്കാനും തയ്യാറായിരുന്നു.

മികച്ച ശാരീരിക ശേഷിയും ഫിറ്റ്നസും പുലർത്തുന്ന താരം അടുത്ത കാലത്ത് സ്പെയിനിൽ വളരെയധികം മുന്നേറ്റമാണുണ്ടാക്കിയത്. അത്ലറ്റികോ മാഡ്രിഡ് ഈ സീസണിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതിൽ നിർണായക സാന്നിധ്യമായ താരത്തിന് അഭൂതപൂർണമായ വളർച്ചയുണ്ടായെങ്കിലും യൂറോപ്പിലെ വമ്പൻ ക്ലബുകളിൽ നിന്നും ഭീഷണിയില്ലെന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ നീക്കങ്ങൾ എളുപ്പമാക്കുന്നു.

facebooktwitterreddit