Football in Malayalam

സെർജിയോ റാമോസിന് 2 വർഷ കരാർ മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്യുമെന്ന് സൂചന

Jan 14, 2021, 11:12 AM GMT+5:30
Sergio Ramos
Osasuna v Real Madrid - La Liga Santander | Soccrates Images/Getty Images
facebooktwitterreddit

നിലവിൽ ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ്. 2005 മുതൽ റയൽ മാഡ്രിഡിൽ നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ ക്ലബ്ബുമായുള്ള കരാർ ഈ വർഷം ജൂണിൽ അവസാനിക്കാനിരിക്കുകയാണ്.‌ എന്നാൽ റാമോസുമായുള്ള കരാർ കാലാവധിയിൽ ഇനിയും 6 മാസം മാത്രമേ ബാക്കിയുള്ളൂവെങ്കിലും പുതിയ കരാർ കാര്യത്തിൽ അദ്ദേഹവുമായി ധാരണയിലെത്താൻ ഇതു വരെ റയലിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇപ്പോളിതാ റാമോസിന് 2 വർഷ കരാർ വാഗ്ദാനം ചെയ്യാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു.

ഗ്രാൻഡ് ഹോട്ടൽ കാൽസിയോമെർകാടോയാണ് റാമോസിന് രണ്ട് വർഷ കരാർ വാഗ്ദാനം ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറെടുക്കുന്നതായി വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. റയൽ മാഡ്രിഡുമായി കരാർ പുതുക്കിയില്ലെങ്കിൽ വരുന്ന സമ്മറിൽ ഫ്രീ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് റാമോസിനെ സ്വന്തമാക്കാൻ കഴിയും. നിലവിൽ ലോകത്തെ ഏറ്റവും മികച്ച സെന്റർബാക്ക് താരങ്ങളിലൊരാളായ റാമോസിനെ ടീമിലെത്തിക്കാൻ കഴിഞ്ഞാൽ അത് യുണൈറ്റഡിനെ സംബന്ധിച്ച് വലിയ നേട്ടവുമാകും.

കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി റയൽ മാഡ്രിഡിനൊപ്പമുള്ള റാമോസ്, ഇക്കാലയളവിൽ ക്ലബ്ബ് സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം പ്രധാന പങ്ക് വഹിച്ച കളിക്കാരനാണ്. ഇങ്ങനെയുള്ള കളികാരനുമായി കരാർ ദീർഘിപ്പിക്കുന്ന കാര്യത്തിൽ ധാരണയിലെത്താൻ ക്ലബ്ബിന് ഇതു വരെ കഴിയാത്തത് ആരാധകരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ സമ്മർ ട്രാൻസ്ഫർ ജാലകത്തിലേക്ക് ഇനിയും 6 മാസ സമയമുള്ളതിനാൽ റാമോസുമായി പുതിയ കരാറിലെത്താൻ ക്ലബ്ബിന് കഴിയുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.

facebooktwitterreddit