Premier League

ആസ്റ്റൺ വില്ലക്കെതിരെ പിന്നിൽ നിന്ന് തിരിച്ചു വന്ന് വിജയം; പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

Ali Shibil Roshan
Man City are champions of England
Man City are champions of England / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

ലീഗിലെ സീസണിൽ അവസാന മത്സരത്തിൽ ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. വില്ലക്കെതിരെ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം മൂന്ന് ഗോളുകൾ അടിച്ചാണ് സിറ്റി മത്സരത്തിൽ വിജയിച്ചത്. വിജയത്തോടെ 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റുകളുമായാണ് സിറ്റി പ്രീമിയർ ലീഗ് കിരീടം നിലനിറുത്തിയത്.

വിജയിച്ചാൽ കിരീടം ഉറപ്പെന്ന് ബോധ്യത്തോടെ കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ല ഞെട്ടിക്കുന്ന കാഴ്ചയാണ് എത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത്. 37ആം മിനുട്ടിൽ മാത്യു കാഷിലൂടെ മുന്നിലെത്തിയ വില്ല, 69ആം മിനുട്ടിൽ ഫിലിപ്പെ കുട്ടീന്യോയിലൂടെ ലീഡ് ഇരട്ടിയാക്കി.

പകരക്കാരനായി കളത്തിലിറങ്ങിയ ഇൾക്കായ് ഗുണ്ടോഗനിലൂടെ 76ആം മിനുറ്റിൽ ഗോൾ നേടി സിറ്റി തിരിച്ചുവരവിന് തുടക്കം കുറിച്ചു. ഗോൾ നേടി രണ്ട് മിനിറ്റുകൾക്കകം തന്നെ റോഡ്രിയിലൂടെ സമനില ഗോൾ നേടിയ സിറ്റി, 81ആം മിനുറ്റിൽ ഗുണ്ടോഗനിലൂടെ വീണ്ടും ഗോൾ നേടി വിജയം കരസ്ഥമാക്കുകയായിരുന്നു.

അതേ സമയം, ഒരു ഗോളിന് പിന്നിൽ നിന്നതിന് ശേഷം മൂന്ന് ഗോളുകൾ നേടി വോൾവ്‌സിനെ പരാജയപ്പെടുത്തിയ ലിവർപൂൾ 38 മത്സരങ്ങളിൽ നിന്ന് 92 പോയിന്റുകളുമായി രണ്ടാം സ്ഥാനത്ത് ലീഗ് സീസൺ പൂർത്തിയാക്കി. വാറ്റ്‌ഫോഡിനെ 2-1 പരാജയപ്പെടുത്തി ചെൽസി 74 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തും, നോർവിച്ച് സിറ്റിയെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി ടോട്ടൻഹാം ഹോട്സ്പർ 71 പോയിന്റുകളോടെ നാലാം സ്ഥാനത്തും ലീഗ് സീസൺ ഫിനിഷ് ചെയ്‌തു. ആദ്യ നാല് സ്ഥാനങ്ങളിലുള്ള മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി, ടോട്ടൻഹാം ഹോട്സ്പർ എന്നിവരാണ് അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുള്ളത്.


facebooktwitterreddit