പരിക്കിന്റെ ഭീഷണിയിൽ രണ്ടു ടീമുകളും, മാഞ്ചസ്റ്റർ സിറ്റി-റയൽ മാഡ്രിഡ് പോരാട്ടത്തിന്റെ സമയവും സാധ്യത ഇലവനും അറിയാം


മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിൽ ഇന്നു രാത്രി സിറ്റിയുടെ മൈതാനമായ എത്തിഹാദിൽ ഏറ്റുമുട്ടുമ്പോൾ ആർക്കായിരിക്കും വിജയമെന്നു പ്രവചിക്കുക വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. ലാ ലിഗയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന റയൽ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടേബിൾ ടോപ്പേഴ്സായ മാഞ്ചസ്റ്റർ സിറ്റിയും ഏറ്റവും മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നതെന്നതു തന്നെയാണ് അതിനു കാരണം.
നിർണായകമായ പോരാട്ടത്തിനിറങ്ങുമ്പോൾ രണ്ടു ടീമുകളെ സംബന്ധിച്ചും താരങ്ങളുടെ അഭാവമാണ് ആശങ്കയുണർത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ പ്രധാന റൈറ്റ് ബാക്കായ ജോവോ കാൻസലോ സസ്പെൻഷൻ മൂലം മത്സരത്തിനുണ്ടാകില്ല. ഇതിനു പുറമെ പരിക്കു കാരണം ജോൺ സ്റ്റോൺസീനും മത്സരം നഷ്ടമാകും. വാക്കർ പരിക്കിന്റെ പിടിയിലായിരുന്നെങ്കിലും ഇപ്പോൾ മെച്ചപ്പെട്ടുവെന്നാണ് പെപ് അറിയിച്ചത്. അതേസമയം റയൽ മാഡ്രിഡ് നിരയിൽ പ്രതിരോധതാരമായ ഡേവിഡ് അലബ, മധ്യനിര താരം കസമീറോ എന്നിവർ കളിക്കുമെന്നുറപ്പില്ലെന്ന് ആൻസലോട്ടി പറഞ്ഞിരുന്നു.
കഴിഞ്ഞ മത്സരത്തിലെ വിജയങ്ങളുമായി രണ്ടു ടീമുകളും സെമി ഫൈനലിന് മികച്ച രീതിയിൽ തയ്യാറെടുത്തിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി ഗബ്രിയേൽ ജീസസിന്റെ നാലു ഗോൾ പ്രകടനത്തിന്റെ മികവിൽ വാട്ഫോഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് കീഴടക്കിയപ്പോൾ റയൽ മാഡ്രിഡ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഒസാസുനയെ കീഴടക്കിയാണ് സെമി ഫൈനലിനായി ഒരുങ്ങുന്നത്.
പതിനാലാം കിരീടം ലക്ഷ്യമാക്കി റയൽ മാഡ്രിഡ് ഫൈനലിൽ ഇടം നേടാൻ വേണ്ടി ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ സിറ്റി തുടർച്ചയായ രണ്ടാം സീസണിലും ഫൈനലിൽ ഇടം പിടിച്ച് ആദ്യമായി ചാമ്പ്യൻസ് ലീഗുയർത്താമെന്ന പ്രതീക്ഷയിലാണ്. എന്നാൽ പിഎസ്ജി, ചെൽസി എന്നീ കരുത്തരായ ടീമുകൾക്കെതിരെ പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും അതിഗംഭീര തിരിച്ചുവരവ് നടത്തി വലിയ ആത്മവിശ്വാസവുമായി നിൽക്കുന്ന റയൽ മാഡ്രിഡിനെ മറികടക്കുക അത്രയെളുപ്പമായിരിക്കില്ല.
ഏപ്രിൽ 26ന് ഇന്ത്യൻ സമയം രാത്രി 12.30നാണ് മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യയിൽ സോണി ടെൻ 2, സോണി ടെൻ 3, സോണി ടെൻ 4 എന്നീ ചാനലുകളിലൂടെയും സോണി ലൈവ് ആപ്പിലൂടെയും മത്സരം കാണാൻ കഴിയും.
മത്സരത്തിന്റെ സാധ്യത ഇലവൻ:
മാഞ്ചസ്റ്റർ സിറ്റി
ഗോൾകീപ്പർ - എഡേഴ്സൺ
പ്രതിരോധനിര - വാക്കർ, ഡയസ്, ലപോർട്ടെ, സിൻചെങ്കോ
മധ്യനിര - ബെർണാർഡോ സിൽവ, റോഡ്രി, ഡി ബ്രൂയ്ൻ
മുന്നേറ്റനിര - മഹ്റേസ്, ജീസസ്, സ്റ്റെർലിങ്
റയൽ മാഡ്രിഡ്
ഗോൾകീപ്പർ - ക്വാർട്ടുവ
പ്രതിരോധനിര - കാർവാഹാൾ, മിലിറ്റാവോ, നാച്ചോ, മാഴ്സലോ
മധ്യനിര - ക്രൂസ്, കാമവിങ്ങ, മോഡ്രിച്ച്
മുന്നേറ്റനിര - വാൽവെർദെ, ബെൻസിമ, വിനീഷ്യസ്
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.