സിറ്റി-ലിവര്‍പൂള്‍ ആവേശപ്പോരാട്ടത്തില്‍ ബലാബലം

പ്രീമിയര്‍ ലീഗിലെ കരുത്തന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലുള്ള പോരാട്ടം സമനിലയില്‍ അവസാനിച്ചു. കിരീടപ്പോരാട്ടത്തില്‍ ഏറ്റവും നിര്‍ണായകമായ മത്സരമായിരുന്നു സമനിലയില്‍ പിരിഞ്ഞത്. ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സിറ്റിയുടെ ഗോളുകള്‍ക്ക് അതേ നാണയത്തില്‍ ലിവര്‍പൂള്‍ മറുപടി നല്‍കിയാണ് സമനില സ്വന്തമാക്കിയത്.
ഇരുടീമുകളും ജയം കൊതിച്ച് ഇറങ്ങിയതിനാല്‍ ശക്തമായ മത്സരമായിരുന്നു ഗ്രൗണ്ടില്‍ കണ്ടത്. അഞ്ചാം മിനുട്ടില്‍ തന്നെ കെവിന് ഡിബ്രൂയിനെ സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു. ആദ്യ ഗോള്‍ പിറന്നതോടെ ലിവര്‍പൂള്‍ അല്പം പതറിയെങ്കിലും ശക്തമായി പിടിച്ചുനിന്നു. 13ാം മിനുട്ടില്‍ ഡിയഗോ യോട്ടയിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കി സ്കോര്‍ 1-1 എന്ന നിലയിലാക്കി.
മത്സരം സമനിലയിലാതോടെ ഇരുടീമുകളും അക്രമത്തിന് മൂര്‍ച്ചകൂട്ടി. 36ാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിന്റെ ഗോളില്‍ സിറ്റി മുന്നിലെത്തി. എന്നാല്‍ ലിവര്‍പൂല്‍ വിടാന്‍ തയ്യാറായില്ല. 46ാം മിനുട്ടില്‍ സാദിയോ മാനേയിലൂടെ ലിവര്‍പൂള്‍ ഗോള്‍ മടക്കി സിറ്റിക്ക് പ്രഹരമേല്‍പ്പിച്ചു. പിന്നീട് റഹീം സ്റ്റിര്‍ലിങ് ലിവര്‍പൂളിന്റെ വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ ലിവര്‍പൂളിന് ആശ്വാസമായി.
പിന്നീട് വിജയ ഗോളിനായി ഇരുടീമുകളും ശക്തമായ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ശ്രമങ്ങളൊന്നും ഫലംകണ്ടില്ല. ഒടുവില്‍ ഫൈനല്‍ വിസില്വരെയും ഇരു ടീമുകളും ഗോളൊന്നും നേടാത്തതിനാല്‍ മത്സരം സമനിലയില്‍ കലാശിച്ചു. 31 മത്സരത്തില്‍ നിന്ന് 74 പോയിന്റാണ് ഇപ്പോള്‍ സിറ്റിയുടെ സമ്പാദ്യം. ഇത്രയും മത്സരത്തില്‍ നിന്ന് 73 പോയിന്റാണ് ലിവര്‍പൂളിന്റെ നേട്ടം. ഒരു പോയിന്റ് മാത്രമാണ് ഒന്നും രണ്ടും സ്ഥാനക്കാര്‍ തമ്മിലുള്ളത്. അതിനാല്‍ ഇരുടീമുകള്‍ക്കും ലീഗില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും നിര്‍ണായകമാകും.