Football in Malayalam

അർജന്റീനിയൻ യുവതാരത്തെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നു

Sreejith N
Argentina v Uruguay - FIFA World Cup 2022 Qatar Qualifier
Argentina v Uruguay - FIFA World Cup 2022 Qatar Qualifier / Jam Media/GettyImages
facebooktwitterreddit

റിവർപ്ലേറ്റിന്റെ അർജന്റീനിയൻ യുവതാരമായ ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളാരംഭിച്ച് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി. ഇരുപത്തിയൊന്ന് വയസുള്ള താരത്തെ റിലീസിംഗ് ക്ളോസ് നൽകി ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ സിറ്റിയെന്ന് പ്രമുഖ കായികമാധ്യമമായ ഗോൾ സ്ഥിരീകരിക്കുന്നു.

കഴിഞ്ഞ സീസണു ശേഷം സെർജിയോ അഗ്യൂറോ ടീം വിട്ടതിനു പകരക്കാരനായി ഹാരി കേനിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമങ്ങൾ നടത്തിയെങ്കിലും അതു വിജയം കണ്ടിരുന്നില്ല. നിലവിൽ യോജിച്ച സ്‌ട്രൈക്കറില്ലാതെയാണ് മാഞ്ചസ്റ്റർ സിറ്റി കളിക്കുന്നതെങ്കിലും ജൂലിയൻ അൽവാരസ് ഗ്വാർഡിയോളയുടെ ടീമിൽ ഇടം നേടാൻ സാധ്യത കുറവാണ്.

റിപ്പോർട്ടുകൾ പ്രകാരം ജൂലിയൻ അൽവാരസിനെ ഈ സീസൺ അവസാനിക്കുന്നതു വരെ റിവർപ്ലേറ്റിനു തന്നെ നൽകി അടുത്ത സമ്മറിൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഏതെങ്കിലും ഒരു ക്ലബ്ബിലേക്ക് ലോണിൽ വിടാനാണ് മാഞ്ചസ്റ്റർ സിറ്റി ഒരുങ്ങുന്നത്. അടുത്ത സമ്മറിൽ മികച്ചൊരു സ്‌ട്രൈക്കറെ ടീമിലെത്തിക്കാനും സിറ്റിക്ക് പദ്ധതിയുണ്ട്.

മുൻ റയൽ മാഡ്രിഡ് യൂത്ത് താരമായ ജൂലിയൻ അൽവാരസ് ഈ സീസണിൽ അർജന്റീനിയൻ ലീഗിൽ 21 മത്സരങ്ങളിൽ നിന്നും 18 ഗോളുകൾ നേടിയിട്ടുണ്ട്. സമ്മറിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിലും അതിനു ശേഷമുള്ള ലോകകപ്പ് യോഗ്യത മത്സരങ്ങളിലുമായി അഞ്ചു തവണ ദേശീയടീമിനു വേണ്ടിയും അൽവാരസ് കളിച്ചിട്ടുണ്ട്.

രണ്ടു വർഷങ്ങൾ റയൽ മാഡ്രിഡ് അക്കാദമിയിൽ ചിലവിട്ടു എങ്കിലും അന്നു താരത്തിന് 13 വയസിൽ താഴെയായതിനാൽ സ്വന്തമാക്കാൻ ലോസ് ബ്ലാങ്കോസിനു കഴിഞ്ഞിരുന്നില്ല. അതിനു ശേഷം അർജന്റീനയിലേക്ക് തിരിച്ചെത്തിയ താരത്തിനായി റയൽ മാഡ്രിഡ്, ബാഴ്‌സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബുകളും രംഗത്തുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit