Football in Malayalam

ഹാരി കെയ്‌നിനു വേണ്ടിയുള്ള നീക്കങ്ങൾ ഉപേക്ഷിക്കാതെ മാഞ്ചസ്റ്റർ സിറ്റി, ജനുവരിയിൽ താരത്തിനായി വീണ്ടും ശ്രമം നടത്തും

Sreejith N
England v Albania - 2022 FIFA World Cup Qualifier
England v Albania - 2022 FIFA World Cup Qualifier / Clive Rose/GettyImages
facebooktwitterreddit

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ഹാരി കെയ്‌നിനെ സ്വന്തമാക്കാൻ നടത്തിയ നീക്കങ്ങൾ വിജയം കണ്ടില്ലെങ്കിലും താരത്തിനു വേണ്ടിയുള്ള നീക്കങ്ങൾ ഉപേക്ഷിക്കാതെ മാഞ്ചസ്റ്റർ സിറ്റി. വരാനിരിക്കുന്ന ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഇംഗ്ലണ്ട് നായകനു വേണ്ടി മാഞ്ചസ്റ്റർ സിറ്റി വീണ്ടും രംഗത്തു വരുമെന്ന് പ്രമുഖ കായികമാധ്യമമായ ഇഎസ്‌പിഎൻ റിപ്പോർട്ടു ചെയ്യുന്നു.

ഈ സീസണിലേക്കുള്ള ഗ്വാർഡിയോളയുടെ പദ്ധതികളിൽ പ്രധാനിയായിരുന്നു കെയ്ൻ. ആസ്റ്റൺ വില്ലയിൽ നിന്നും ഗ്രീലിഷിനെ സ്വന്തമാക്കിയതിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി കെയ്‌നിനു വേണ്ടി വലിയ തുക തന്നെ ഓഫർ ചെയ്‌തിട്ടും വളരെ വർഷമായി ടീമിൽ തുടരുന്ന തങ്ങളുടെ പ്രധാന താരത്തെ വിട്ടുകൊടുക്കാൻ ടോട്ടനം തയ്യാറായില്ല.

എന്നാൽ സമ്മറിൽ ടോട്ടനം തങ്ങളുടെ ഓഫർ നിരസിച്ചതു കൊണ്ട് കെയ്‌നിനു വേണ്ടിയുള്ള നീക്കങ്ങൾ ഉപേക്ഷിക്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറായിട്ടില്ല. നിലവിൽ മികച്ച ഫോമിലാണ് സിറ്റി കളിക്കുന്നതെങ്കിലും അതിനു മൂർച്ച കൂട്ടാൻ വേണ്ടി ജനുവരിയിൽ താരത്തെ ടീമിലെത്തിക്കാൻ തന്നെയാണ് അവർ ഒരുങ്ങുന്നത്. ഇതോടെ പ്രീമിയർ ലീഗ് കിരീടം നിലനിർത്താൻ കഴിയുമെന്നും സിറ്റി കരുതുന്നു.

ടോട്ടനം ഹോട്സ്‌പറിലെ നിലവിലെ സാഹചര്യങ്ങളാണ് സിറ്റിക്ക് ജനുവരിയിൽ കെയ്‌നിനെ സ്വന്തമാക്കാൻ കഴിയുമെന്ന കാര്യത്തിൽ പ്രതീക്ഷ നൽകുന്നത്. മോശം ഫോമിനെ തുടർന്ന് ഈ സീസണിന്റെ തുടക്കത്തിൽ പരിശീലകസ്ഥാനം ഏറ്റെടുത്ത നുനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കിയ ടീം ലീഗ് പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ്.

അതേസമയം ടോട്ടനത്തിന്റെ പുതിയ പരിശീലകനായി അന്റോണിയോ കോണ്ടെ എത്തിയത് മാഞ്ചസ്റ്റർ സിറ്റിക്ക് ഭീഷണിയാണ്. അവസാനം സ്ഥാനമേറ്റെടുത്ത ചെൽസിക്കും ഇന്റർ മിലാനും ലീഗ് കിരീടങ്ങൾ സമ്മാനിച്ച കോണ്ടെയുടെ കീഴിൽ തന്നെ തുടരാൻ കെയ്ൻ ചിലപ്പോൾ തീരുമാനിക്കാൻ സാധ്യതയുണ്ട്.


facebooktwitterreddit